കാമ്പസ് ഇന്റര്‍വ്യൂവിലൂടെ വിദ്യാര്‍ത്ഥിക്ക് 2.2 കോടി രൂപ ശമ്പളത്തില്‍ ജോലി, പങ്കെടുത്തവരില്‍ ഭൂരിഭാഗംപേര്‍ക്കും വമ്പന്‍ സാലറി

IIT Bombay
IIT Bombay

ഏറ്റവും ഉയര്‍ന്ന ഓഫറുകളിലൊന്ന് ട്രേഡിംഗ് സ്ഥാപനമായ ഡാവിഞ്ചി ഡെറിവേറ്റീവ്സില്‍ നിന്നാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ആംസ്റ്റര്‍ഡാമിലെ ഓഫീസില്‍ ജോലി ചെയ്യാന്‍ 2.2 കോടി രൂപയുടെ പാക്കേജാണ് വാഗ്ദാനം ചെയ്തത്.

മുംബൈ: പഠനം പൂര്‍ത്തിയാക്കുന്ന അവസാന വര്‍ഷങ്ങളില്‍ തന്നെ ലോകോത്തര കമ്പനികളില്‍ കോടികള്‍ വാര്‍ഷിക ശമ്പളം ലഭിക്കുന്ന ജോലി സ്വന്തമാക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഐഐടി മുംബൈയുടെ പ്ലേസ്മെന്റ് സീസണ്‍ ആരംഭിച്ച ഞായറാഴ്ച 45-ലധികം കമ്പനികള്‍ ക്യാമ്പസ് സന്ദര്‍ശിച്ചു. ഏറ്റവും ഉയര്‍ന്ന ഓഫറുകളിലൊന്ന് ട്രേഡിംഗ് സ്ഥാപനമായ ഡാവിഞ്ചി ഡെറിവേറ്റീവ്സില്‍ നിന്നാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ആംസ്റ്റര്‍ഡാമിലെ ഓഫീസില്‍ ജോലി ചെയ്യാന്‍ 2.2 കോടി രൂപയുടെ പാക്കേജാണ് വാഗ്ദാനം ചെയ്തത്.

കുറഞ്ഞത് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആ സ്ഥാപനം ഇതേ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓഫറുകളുടെ കൃത്യമായ കണക്ക് വ്യക്തമല്ല. മുംബൈയിലെയും ആംസ്റ്റര്‍ഡാം ഓഫീസിലെയും തസ്തികകള്‍ക്കായി കമ്പനി നല്‍കിയ ഓഫറുകളുടെ എണ്ണവും പൂര്‍ണമായി പുറത്തുവിട്ടിട്ടില്ല.

ഹെഡ്ജ് ഫണ്ട് സ്ഥാപനമായ ജെയ്ന്‍ സ്ട്രീറ്റ് പ്രീ-പ്ലേസ്മെന്റ് ഓഫറുകള്‍ നല്‍കി. കഴിഞ്ഞ വര്‍ഷം അവരുടെ ഉയര്‍ന്ന പാക്കേജ് 3.7 കോടി രൂപയായിരുന്നു. ഇത്തവണ ഐഎംസി ട്രേഡിംഗ് മുംബൈയിലെ ഓഫീസിലെ ജോലിക്കായി ഒരു കോടി രൂപ വാഗ്ദാനം ചെയ്യുകയും 10 വിദ്യാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുകയും ചെയ്തു.

Graviton, Quadeye, WorldQuant എന്നിവ 90 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പാക്കേജുകളാണ് വാഗ്ദാനം ചെയ്തത്. ഈ ജോലികള്‍ ഇന്ത്യയില്‍ തന്നെയുള്ളതാണ്. ക്വാഡെയ് അവരുടെ ഹോങ്കോംഗ് ഓഫീസിനായും ഓഫറുകള്‍ നല്‍കി. പ്രമുഖ സ്ഥാപനങ്ങളില്‍ പലതും ഒരു കോടി രൂപയോ അതില്‍ കൂടുതലോ ഉള്ള പാക്കേജുകള്‍ അവതരിപ്പിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കമ്പ്യൂട്ടര്‍ നിര്‍മ്മാണ ഭീമന്മാരായ എന്‍വിഡിയ, കണ്‍സള്‍ട്ടന്‍സി പവര്‍ഹൗസുകളായ മക്കിന്‍സി, ബിസിജി, ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് സ്ഥാപനമായ ബ്ലാക്ക്സ്റ്റോണ്‍, സോണി ജപ്പാന്‍, പൈന്‍ ബ്രിഡ്ജ്, ജിഇ എയ്റോസ്പേസ് എന്നിവയും റിക്രൂട്ടര്‍മാരില്‍ ഉള്‍പ്പെടുന്നു.

ഫ്‌ലിപ്കാര്‍ട്ട്, ആപ്പിള്‍, ഒല, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവരും കാമ്പസിലെത്തിയിരുന്നു. കൂടുതല്‍ കമ്പനികള്‍ വരും ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓഫറുകളുമായെത്തും.

Tags