പുതുപ്പള്ളിയിലെ ഫലം സര്‍ക്കാരിനെ ബാധിക്കുക രണ്ടു തരത്തില്‍, മുന്നണികള്‍ക്കും ആശങ്ക

Puthuppally election
Puthuppally election

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇനി വോട്ടെണ്ണലിനായുള്ള കാത്തിരിപ്പിലാണ് മുന്നണികള്‍. സപ്തംബര്‍ 8 നാണ് വോട്ടെണ്ണല്‍. 72 ശതമാനത്തിലേറെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാന സര്‍ക്കാരിന് നിര്‍ണായകമാകില്ലെങ്കിലും ഭൂരിപക്ഷം എത്രയായിരിക്കും എന്നത് സംബന്ധിച്ച് മുന്നണികള്‍ക്ക് ആശങ്കയുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 9044 വോട്ടുകള്‍ക്ക് ഉമ്മന്‍ ചാണ്ടി ജയിച്ച മണ്ഡലമാണിത്. അദ്ദേഹത്തിന്റെ മകന്‍ ഇവിടെ മത്സരിക്കുമ്പോള്‍ സഹതാപതരംഗം ഉള്ളതുകൊണ്ടുതന്നെ ഭൂരിപക്ഷം എത്രയായിരിക്കും എന്നതുമാത്രമായിരിക്കും അറിയാനിരിക്കുന്നത്. ഒരു അട്ടിമറി ജയം സിപിഎം സ്ഥാനാര്‍ത്ഥിയായ ജയ്ക്ക് തോമസും ഇവിടെ പ്രതീക്ഷിക്കുന്നുണ്ടാകില്ല.

പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം രണ്ടു തരത്തിലാകും സംസ്ഥാന സര്‍ക്കാരിനെ ബാധിക്കുക. ഭൂരിപക്ഷം 25,000 കടന്നാല്‍ അത് സര്‍ക്കാരിന് ക്ഷീണമുണ്ടാക്കും. സഹതാപതരംഗമുണ്ടെങ്കിലും വന്‍ ഭൂരിപക്ഷം ലഭിക്കുന്നത് സര്‍ക്കാരിന്റെ പോരായ്മയായാണ് വിലയിരുത്തപ്പെടുക. ഇത് ആയുധമാക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുകയും ചെയ്യും.

മറ്റൊന്ന് ബിജെപിക്ക് കിട്ടുന്ന വോട്ടുകളാണ്. 2021ല്‍ ബിജെപിയുടെ എന്‍ ഹരി ഇവിടെ 11,694 വോട്ടുകളാണ് നേടിയത്. ബിജെപി തങ്ങളുടെ വോട്ടുവിഹിതം വര്‍ധിപ്പിക്കുകയും ജെയ്ക്കിന് വോട്ടുകള്‍ കുറയുകയും ചെയ്താല്‍ അത് ചോദ്യങ്ങളുയര്‍ത്തും. ശക്തികേന്ദ്രമല്ലാത്ത ഒരു മണ്ഡലത്തില്‍ ബിജെപി വോട്ടു വര്‍ധിപ്പിച്ചതിന്റെ ഉത്തരവാദിത്വം സിപിഎമ്മിന്റെ തലയിലുമാകും.

ബിജെപിയുടെ വോട്ടുകളില്‍ വര്‍ധനയുണ്ടായാല്‍ അത് സര്‍ക്കാരിത് തലവേദനയുണ്ടാക്കുന്നതാണ്. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തിന് തൊട്ടുപിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അതിന്റെ അലയൊലിയുണ്ടായോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ക്രിസ്ത്യന്‍ സംഘടനകളുമായി അടുക്കുന്ന ബിജെപിക്ക് അത് വോട്ടാക്കിമാറ്റാന്‍ സാധിക്കുമോ എന്നതും രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നു.

ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായി ചാണ്ടി ഉമ്മന്‍ എത്തുമെന്ന കാര്യത്തില്‍ ഏറെക്കുറെ തീര്‍പ്പുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തെ കോണ്‍ഗ്രസും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. സര്‍ക്കാരിനെതിരായ ജനവികാരം പ്രതിഫലിച്ചിട്ടുണ്ടോയെന്നത് ഫലം വരുമ്പോള്‍ അറിയാന്‍ സാധിക്കും. വിഡി സതീശനും കെ സുധാകരനുമെല്ലാം ക്യാമ്പ് ചെയ്ത് നടത്തിയ പ്രചാരണം എത്രത്തോളം ഫലം ചെയ്‌തെന്നും അറിയാനാകും. ഭൂരിപക്ഷം നല്ല രീതിയില്‍ വര്‍ധിപ്പിക്കാന്‍ സാധിച്ചാല്‍ അത് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം കൂടിയാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസിന് ആത്മവിശ്വാസത്തോടെ ഇറങ്ങാനും പുതുപ്പള്ളിയിലെ വന്‍ വിജയം വഴിയൊരുക്കും.

Tags