പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിനിടെ 12 ലക്ഷം രൂപയുടെ സ്വര്‍ണ മാലകളും ഫോണുകളും മോഷണം പോയി


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ, ബിസിനസ്, വിനോദ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് ആളുകള്‍ പോകുന്നതിനിടെയാണ് മോഷണം നടന്നത്.
മുംബൈ: മഹാരാഷ്ട്രയിലെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനിടെ 12 ലക്ഷം രൂപയുടെ ആഭരണങ്ങളും ഫോണുകളും മോഷണംപോയി. ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയില്‍ ഡിസംബര്‍ 5 ന് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ, ബിസിനസ്, വിനോദ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് ആളുകള്‍ പോകുന്നതിനിടെയാണ് മോഷണം നടന്നത്. കടുത്ത സുരക്ഷാ ക്രമീകരണത്തിനിടയിലും ലക്ഷങ്ങളുടെ മോഷണം നടന്നത് പോലീസിനെ അമ്പരപ്പിച്ചു.
സത്യപ്രതിജ്ഞ ചടങ്ങില്‍ 4,000-ത്തിലധികം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലും രണ്ടാം നമ്പര്‍ ഗേറ്റ് വഴി എത്തിയവര്‍ വേദിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്.
ആസാദ് മൈതാന്‍ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മോഷണം സ്ഥിരീകരിച്ചു. ഗേറ്റ് നമ്പര്‍ രണ്ടില്‍ നിന്ന് പുറത്തിറങ്ങിയ ആളുകളുടെ സ്വര്‍ണാഭരണങ്ങളും ഫോണുകളും പഴ്‌സുകളുമാണ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തില്ലെന്നും അദ്ദേഹം അറിയിച്ചു.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ നിയമസഭയിലെ 288 സീറ്റില്‍ 230ലും വിജയിച്ച് ശിവസേനയുടെ ഏകനാഥ് ഷിന്‍ഡെ വിഭാഗവും ബി.ജെ.പി.യും അജിത് പവാറിന്റെ എന്‍.സി.പി.യും അടങ്ങുന്ന മഹായുതി സഖ്യമാണ് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. 132 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ കക്ഷിയായി തുടര്‍ന്നു. ഏകനാഥ് ഷിന്‍ഡെ വിഭാഗവും അജിത് പവാറിന്റെ എന്‍സിപിയും യഥാക്രമം 57, 41 സീറ്റുകള്‍ നേടി.
