ഇങ്ങനെ വിവാഹത്തിനായി നിര്‍ബന്ധിക്കരുത്, പഠിക്കാനോ, ജോലി ചെയ്യാനോ, സ്വന്തം ആഗ്രഹത്തിനനുസരിച്ച് വരനെ കണ്ടെത്താനോ സ്വാതന്ത്ര്യമില്ലാത്ത പെണ്‍കുട്ടികള്‍, ഒടുവില്‍ എന്തുനേടി?

Shyma malappuram
Shyma malappuram

വിവാഹപ്രായം ആകുന്നതോടെ പഠിക്കാന്‍ താത്പര്യമുള്ള പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നത് പലയിടത്തും പതിവായിട്ടുണ്ട്.

മഞ്ചേരി: കുട്ടികളെ വളര്‍ത്തേണ്ടതും അവരെ ശരിയായ രീതിയില്‍ മുന്നോട്ടു നയിക്കേണ്ടതും എങ്ങിനെയന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കവെ മലപ്പുറത്ത് 19 വയസ് തികയും മുന്‍പ് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യേണ്ടവന്ന സാഹചര്യം ഏവരേയും നടുക്കുന്നതാണ്.

വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ ഒരുങ്ങവെ ആമയൂര്‍ റോഡ് പുതിയത്ത് വീട്ടില്‍ പരേതനായ ഷര്‍ഷ സിനിവറിന്റെ മകള്‍ ഷൈമ സിനിവറിനെ (18) ആണ് ഇന്നലെ വൈകിട്ട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വിവാഹ നിശ്ചയം കഴിഞ്ഞ് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കവെയാണ് പെണ്‍കുട്ടി ജീവിതം അവസാനിപ്പിച്ചത്.

ഷൈമയുടെ മരണത്തിന് പിന്നാലെ അയല്‍വാസിയായ പത്തൊമ്പതുകാരനെ അവശ നിലയില്‍ ആശുപത്രിയിലെത്തിച്ചു. ഇരുവരും ഇഷ്ടത്തിലായിരുന്നെന്നും എന്നാല്‍, രക്ഷിതാക്കള്‍ ഷൈമയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ ഒരുങ്ങിയതാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

പിതാവ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ കാരക്കുന്നിലെ വീട്ടിലായിരുന്നു ഷൈമയുടെ താമസം. വെള്ളിയാഴ്ച ആയിരുന്നു ഷൈമയുടെ നിക്കാഹ്. നിക്കാഹിന് പെണ്‍കുട്ടിക്ക് സമ്മതമുണ്ടായിരുന്നില്ല. പിഎസ് സി പരിശീലനം നടത്തുകയായിരുന്ന പെണ്‍കുട്ടി ജോലി കിട്ടിയശേഷം ഇഷ്ടത്തിലായിരുന്നയാളെ വിവാഹം കഴിക്കാനായിരുന്നു താല്‍പര്യം.

വിവാഹപ്രായം ആകുന്നതോടെ പഠിക്കാന്‍ താത്പര്യമുള്ള പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നത് പലയിടത്തും പതിവായിട്ടുണ്ട്. പഠനം പൂര്‍ത്തിയാക്കാതെ ജോലിയെന്ന സ്വപ്‌നം മാറ്റിവെച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കുകയും ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുകയും ചെയ്യുന്നവരുടെ എണ്ണവും ഏറുകയാണ്.

നേരത്തെ വിവാഹിതരായി കുടുംബ ജീവിതത്തിലേക്ക് കടക്കുന്നവര്‍ പിന്നീട് ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരാശ പ്രകടിപ്പിക്കാറുണ്ട്. പഠിക്കാനോ ജോലി നേടാനോ സ്വാതന്ത്ര്യത്തോടെ ജീവിക്കാനോ അവകാശമില്ലാത്തവരായി മാറുന്നതോടെ അരക്ഷിതാവസ്ഥയിലാകുന്നവരാണ് വലിയൊരു വിഭാഗം സ്ത്രീകളും.

കോടിക്കണക്കിന് രൂപയുടെ സ്ത്രീധനം നല്‍കി നിര്‍ബന്ധിച്ചുള്ള വിവാഹം കഴിപ്പിച്ചാല്‍ പെണ്‍കുട്ടികളുടെ ജീവിതം സുരക്ഷിതമാകില്ലെന്ന് രക്ഷിതാക്കള്‍ മനസിലാക്കുമ്പോഴേക്കും അവരുടെ ജീവിതം തകര്‍ന്നിരിക്കും. രക്ഷിതാക്കളുടെ കരുതലിനൊപ്പം പെണ്‍കുട്ടികളുടെ ആഗ്രഹത്തിന് പ്രാധാന്യം നല്‍കിയാല്‍ ആത്മഹത്യകളുടെ എണ്ണം കുറയ്ക്കാമെന്നതാണ് യാഥാര്‍ത്ഥ്യം.

വിവാഹം വൈകിയാലോ വിവാഹം കഴിച്ചില്ലെങ്കിലോ സ്വന്തം ഇഷ്ടപ്രകാരം വരനെ തെരഞ്ഞെടുത്താലോ പെണ്‍കുട്ടികളുടെ ജീവിതം തകര്‍ന്നുപോകുമെന്ന് കരുതുന്നവരാണ് രക്ഷിതാക്കള്‍. ഇത്തരം ചിന്ത ഇല്ലാതായാല്‍ മാത്രമേ ഭാവിയില്‍ നമ്മുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരാകൂ.

Tags