രണ്ട് സെഞ്ച്വറി നേടുമ്പോഴേക്കും തലക്കനം കൂടിയോ, സഞ്ജുവിന്റെ പിതാവിനെതിരെ ആരാധകര്‍, പണി ചോദിച്ചുവാങ്ങും


ഐപിഎല്ലില്‍ സഞ്ജുവിന് ആദ്യമായി അവസരം നല്‍കുന്നതും രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിക്കുന്നതും ദ്രാവിഡാണ്. ഇതുകൂടി മറന്നുകൊണ്ടാണ് സാംസണ്‍ ദ്രാവിഡിനെ കുറ്റപ്പെടുത്തുന്നത്.
തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് ആരാധകര്‍ വര്‍ഷങ്ങളായി സഞ്ജു സാംസണ്‍ എന്ന യുവ ക്രിക്കറ്റ് താരത്തിന് എല്ലാവിധ പിന്തുണയും നല്‍കിവരുന്നവരാണ്. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന താരം തുടര്‍ച്ചയായി രണ്ട് ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ സെഞ്ച്വറി നേടി ചരിത്രമെഴുതിയത് ആരാധകരെ കുറച്ചൊന്നുമല്ല ആനന്ദിപ്പിക്കുന്നത്. എന്നാല്‍, ഇതിന് പിന്നാലെ സഞ്ജുവിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ് നടത്തിയ ചില പരാമര്‍ശങ്ങള്‍ കല്ലുകടിയായി.
ടീമിനകത്തും പുറത്തുമായി 10 വര്‍ഷത്തോളമായി കളിക്കുന്ന സഞ്ജുവിന് സ്ഥിരമായി അവസരം നല്‍കാതെ മുന്‍ ക്യാപ്റ്റന്മാരും പരിശീലകരും കരിയര്‍ നശിപ്പിച്ചെന്നാണ് സാംസണ്‍ വിശ്വനാഥ് പറഞ്ഞത്. മഹേന്ദ്രസിങ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നീ ക്യാപ്റ്റന്മാര്‍ക്കെതിരെ വിമര്‍ശനം നടത്തിയ അദ്ദേഹം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ഇതില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കി. ഗൗതം ഗംഭീറിനും സൂര്യകുമാര്‍ യാദവിനുമാണ് ഇപ്പോഴത്തെ പ്രകടനത്തില്‍ അദ്ദേഹം നന്ദിപറയുന്നത്.
ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാണ് രോഹിത് ശര്‍മ. അതേ ടീമില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് വിരാട് കോഹ്ലിയും. ഈ കളിക്കാരുടെ പേരെടുത്തുപറഞ്ഞ് കുറ്റപ്പെടുത്തിയത് ആരാധകര്‍ക്ക് ഇഷ്ടമായില്ല. മാത്രമല്ല, ഇതിഹാസ താരങ്ങളായ ധോണിയേയും രാഹുല്‍ ദ്രാവിഡിനേയും സാംസണ്‍ കുറ്റപ്പെടുത്തിയത് അനവസരത്തിലാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

രണ്ട് സെഞ്ച്വറി നേടുമ്പോഴേക്കും മികച്ച കളിക്കാരന്റെ പിതാവ് എന്ന നിലയില്‍ സഞ്ജുവിന്റെ പിതാവ് അഹങ്കരിക്കരുതെന്ന് മലയാളി ആരാധകര്‍ ചൂണ്ടിക്കാട്ടി. ഇത്തരം പരാമര്‍ശങ്ങള്‍ താരത്തിന്റെ ഭാവി ഇല്ലാതാക്കും. ഒരു കളിക്കാരനെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ താമസമൊന്നും വേണ്ടെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. അതുകൊണ്ടുതന്നെ അതിരുകടന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കുകയാണ് നല്ലതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സഞ്ജുവിന് നേരത്തേയും ദേശീയ ടീമില്‍ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും സ്ഥിരതയില്ലെന്ന് ആരോപിച്ച് ടീമില്‍ സ്ഥാനം നിഷേധിക്കുകയായിരുന്നു പതിവ്. സഞ്ജുവിനേക്കാള്‍ മികവില്ലാത്ത കളിക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കിയപ്പോഴും മലയാളി താരം തഴയപ്പെട്ടു. ഇതിനെതിരെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കാറുമുണ്ട്.
മുന്‍ ക്യാപ്റ്റന്മാര്‍ക്കെതിരായ സഞ്ജുവിന്റെ പിതാവിന്റെ പ്രതികരണം താരത്തിന് സമ്മര്‍ദ്ദമുണ്ടാക്കിയേക്കും. രാഹുല്‍ ദ്രാവിഡ് ആണ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകന്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താറുള്ള സഞ്ജുവിന് പരിശീലകന്റെ പിന്തുണയില്ലാതെ മുന്നോട്ടുപോകാനാകില്ല. ഐപിഎല്ലില്‍ സഞ്ജുവിന് ആദ്യമായി അവസരം നല്‍കുന്നതും രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിക്കുന്നതും ദ്രാവിഡാണ്. ഇതുകൂടി മറന്നുകൊണ്ടാണ് സാംസണ്‍ ദ്രാവിഡിനെ കുറ്റപ്പെടുത്തുന്നത്.