കതിരൂര്‍ മനോജ് സുരേന്ദ്രനെ പടമാക്കി, പലര്‍ക്കും പണികൊടുത്തു, കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവിനെ വാഴ്ത്തുന്ന കുറിപ്പ് വിവാദത്തില്‍

kathiroor manoj

കണ്ണൂര്‍: ഒരുകാലത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പേരുകേട്ട കണ്ണൂരില്‍ ഏറെ ചര്‍ച്ചയായ കൊലപാതകമായിരുന്നു ആര്‍എസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജിന്റെ കൊലപാതകം. സിപിഎം നേതാവ് പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായിരുന്ന മനോജിനെ 2014ലാണ് ബോംബെറിഞ്ഞശേഷം കൊലപ്പെടുത്തിയത്.

കണ്ണൂരിലെ പല രാഷ്ട്രീയ കൊലപാതകങ്ങളിലും അക്രമങ്ങളിലും മനോജിന്റെ ബുദ്ധിയുണ്ടെന്ന് സിപിഎം ആരോപിച്ചിരുന്നു. ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് മനോജിനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇപ്പോഴതാ മനോജിന് ഒട്ടേറെ അക്രമങ്ങളില്‍ പങ്കുണ്ടെന്ന് പരോക്ഷമായ സൂചന നല്‍കുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് തുമ്പക്കാവിലെ കാവിപ്പട എന്ന സംഘപരിവാര്‍ ഫേസ്ബുക്ക് പേജ്.

ഫേസ്ബുക്ക് പേജിലെ കുറിപ്പ്,

കൊല്ലാന്‍ വന്ന സുരേന്ദ്രന്റെ ഓര്‍മ്മകള്‍ തെരുവില്‍ പടമാക്കി ഉയര്‍ത്തിയവന്‍. അന്നോടിയ വിക്രമനും, മുച്ചിറിയനും 'ഇന്നും കിതപ്പ് മാറാതെ ദു:സ്വപ്നം കാണാന്‍ അവസരം നല്‍കിയവന്‍. ചെങ്കോട്ടയായ ഡയമണ്ട് മുക്കു, പരിസരമെല്ലാം കാവി മണ്ണായി മാറ്റിയവന്‍.

നേരെ നിന്നാല്‍ മനോജിന് മുന്നില്‍ മുള്ളി പോകുന്ന വിക്രമനും സംഘവും തോക്കും, ബോംബും, വാളുമായി ചതിയില്‍പ്പെടുത്തി കൊല്ലാന്‍ വന്നപ്പോഴും ഭയക്കാത്ത ചങ്കുറപ്പോടെ തന്റെ സുഹൃത്തിനോട് ഓടി രക്ഷപ്പെടാന്‍ പറഞ്ഞ ധീരനവന്‍.ആ പോരാളി മരിച്ചെന്ന് കരുതുന്ന സഖാക്കള്‍ പമ്പരവിഡ്ഢികളാണ്. ആവേശമാണ് സ്വയം സേവകര്‍ക്ക്, എന്നും. മരിക്കാത്ത മനുഷ്യന്‍ നമുക്ക് തന്ന സന്ദേശം ധീരതയുടെതാണ്.

തൊണ്ണൂറുകളുടെ കാലം.
കൊടി നിറം ചുവപ്പ് അല്ലെങ്കില്‍ തമ്പുരാനും കൂട്ടരും ക്രൂശിക്കും കാലത്ത്, അതേ മണ്ണില്‍ നിന്ന് വിപ്ലവത്തിന്റെ കരുത്തായി ഉയര്‍ന്ന് വന്ന്, കൊടി നിറം മാറ്റി പിടിച്ച് 'ഭാരത് മാതാ കീ ജയ്' വിളിച്ചവന്‍. ചോദ്യം ചെയ്യാന്‍ ഭയന്ന് നിന്നവര്‍ക്ക് ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ ഉശിര് പകര്‍ന്നവന്‍.

തമ്പുരാനെ കാണാതെ ഓണമുണ്ണാന്‍ പറ്റില്ലെന്ന് വന്ന ദശാസന്ധിയില്‍ തിരുവോണ നാളില്‍ തന്നെ തമ്പുരാന്റെ മടയില്‍ കയറി മറുപടി നല്‍കിയ വീര പരാക്രമശാലി. വീടിന്‍ പടിഞ്ഞാറ്റയില്‍ പതിനെട്ടാം വട്ടതെങ്ങ് വെച്ചപ്പോള്‍ അത് പിഴുതെടുത്ത് രാവണന്‍ കോട്ടയിലെ തമ്പുരാന്റെ നെഞ്ചില്‍ കുഴിച്ചിട്ടവന്‍. പൊന്നാപുരം കോട്ട വിട്ട് പാഞ്ഞ തമ്പുരാനെ ഓട്ടച്ചിമാക്കൂലിലേക്ക് ഓടിച്ചവന്‍.
ധീരനവന്‍.... കണ്ണൂരിന്റെ പൊന്നോമന മകന്‍...
കതിരൂര്‍ മനോജ് ??

 

Tags