മയക്കുമരുന്ന് ലഹരി വ്യാപനം പടരുമ്പോഴും ഡ്രൈവര്‍മാരുടെ ക്ഷാമംകാരണം എക്‌സൈസ് വാഹനങ്ങള്‍ പെരുവഴിയില്‍, സാമ്പത്തിക പ്രതിസന്ധിയാല്‍ നിയമനം നടത്താതെ സര്‍ക്കാര്‍

Excise vehicles on highways due to shortage of drivers even as drug addiction spreads

കണ്ണൂര്‍: സംസ്ഥാനത്ത് അതിര്‍ത്തികളിലൂടെ മയക്കുമരുന്ന് ലഹരിക്കടത്ത് വിപണനം വ്യാപകമാവുമ്പോഴും അതു തടയേണ്ട എക്‌സൈസ് വകുപ്പിന് വാഹനങ്ങള്‍ ഓടിക്കാന്‍ ഡ്രൈവര്‍മാരുടെ ക്ഷാമം നേരിടുന്നു.  ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്തതിനാല്‍ 2021-ല്‍പി.എസ്.സി നടത്തിയ എക്‌സൈസ് ഡ്രൈവര്‍ അന്തിമ റാങ്ക് ലിസ്റ്റ് വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഭൂരിഭാഗം പേര്‍ക്കും നിയമനം ലഭിച്ചിട്ടില്ല.
 നിലവില്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പേരും പ്രായ പരിധി അവസാനിച്ചവരും ഇനി പി.എസ്.സി എഴുതാന്‍ അവസരം ഇല്ലാത്തവരുമാണ്. പതിനാല് ജില്ലകളിലും ചരിത്രത്തിലെ ഏറ്റവും ചെറിയ റാങ്ക് പട്ടികയാണ്എക്‌സൈസ് ഡ്രൈവര്‍ തസ്തിക ലിസ്റ്റിലുളളത്. 

സാധാരണ ശരാശരി 200 പേര്‍ ജില്ലാ അടിസ്ഥാനത്തില്‍ ലിസ്റ്റില്‍ ഇടം പിടിക്കുമ്പോള്‍ ഓരോ ജില്ലയിലും പത്ത് പേരെ മാത്രമാണ് ഇത്തവണ അവസാന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചില ജില്ലകളില്‍ റിട്ടയര്‍മെന്റ് ഒഴിവില്‍ ഒന്നോ രണ്ടോ നിയമനം നടന്നുവെന്നതല്ലാതെ  കാര്യമായ നിയമനങ്ങള്‍ ഒന്നും നടന്നിട്ടില്ല.
 പി.എസ്.സി നടത്തിയ എഴുത്ത് പരീക്ഷ, റോഡ് ടെസ്റ്റ് എന്നീ കഠിനമായ കടമ്പകള്‍ താണ്ടിയാണ്  ഉദ്യോഗാര്‍ത്ഥികള്‍ ലിസ്റ്റില്‍ ഇടം നേടിയത്.   എക്‌സൈസ് വകുപ്പിന്റെ വാഹനം ഓടിക്കാന്‍ മിനിമം മൂന്ന്  വര്‍ഷത്തെ ഹെവി ലൈസന്‍സ് എക്‌സ്പീരിയന്‍സ്, റോഡ് ടെസ്റ്റ് എന്നിവ വിജയിക്കണം. എന്നാല്‍ ഈ മാനദണ്ഡം മറികടന്ന് നിലവില്‍ ഫോര്‍ വീല്‍ ലൈസന്‍സ് മാത്രം ഉള്ളവര്‍ വാഹനം ഓടിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. 

exci

ഈ വിഷയം വകുപ്പ് മന്ത്രിയെയും  ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചുവെങ്കിലും ഫലം നിരാശജനകാമാണെന്ന്  ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഋഷിരാജ് സിംഹ് എക്‌സൈസ് കമ്മീഷണറായിരുന്ന  കാലത്ത് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉണര്‍വിനായി നിര്‍ദേശിച്ച ഒരു വാഹനത്തിന് രണ്ടു ഡ്രൈവര്‍ എന്ന അനുപാതം ഇതു വരെ സര്‍ക്കാര്‍  പ്രാവര്‍ത്തികമാക്കിയിട്ടില്ല. ലഹരി സംഘങ്ങളെപ്പൂട്ടാന്‍ ചെക്ക് പോസ്റ്റുകള്‍ക്കു പുറമേ ഗ്രാമങ്ങളിലും ഇടറോഡുകളിലുമടക്കം എക്‌സൈസ് സാനിധ്യമുറപ്പാക്കാന്‍ ആധുനിക സജ്ജീകരണങ്ങളുമായി എക്‌സൈസ് വകുപ്പ് പുറത്തിറക്കിയ 'കെമു' വില്‍പ്പോലും നിലവില്‍ ഡ്രൈവര്‍ തസ്തിക ഇല്ലാത്ത സാഹചര്യമാണ്. 

എക്‌സൈസ് വകുപ്പ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നടപ്പാക്കിയത് അതിര്‍ത്തി പങ്കിടുന്ന നാല് ജില്ലകളിലാണ്.ഈ പദ്ധതി 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതുകൊണ്ട്  എട്ട് മണിക്കൂര്‍ ഷെഡ്യൂള്‍ കണക്കാക്കി മൂന്ന്  ഡ്രൈവര്‍മാര്‍ ഉണ്ടാകേണ്ടതാണ്, എന്നാല്‍ നാളിതുവരെ ഈ പദ്ധതിക്കു വേണ്ടി ഒരു ഡ്രൈവര്‍ തസ്തിക പോലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. വര്‍ദ്ധിച്ചു വരുന്ന മദ്യക്കടത്തും ലഹരി വില്‍പ്പനയും തടയുവാനും അതിന്റെ ഉറവിടം കണ്ടെത്തുവാനും ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ ഹൈവേ പട്രോള്‍ / സ്‌ട്രൈക്കിംഗ് ഫോഴ്‌സ് എന്ന പദ്ധതിയില്‍ പ്രകാരം 24 മണിക്കൂറും ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്.. എന്നാല്‍ 14 ജില്ലകളിലും ഈ ഫോഴ്‌സിന് വാഹനം നല്‍കിയിട്ടുണ്ട്  ഇവിടങ്ങളില്‍  ഒരു വാഹനത്തിന് രണ്ട് ഡ്രൈവര്‍ തസ്തികയാണ് വേണ്ടത് എങ്കിലും നാളിതുവരെ ഈ വിഭാഗത്തിന് ഒരു ഡ്രൈവര്‍ തസ്തിക പോലും അനുവദിച്ചിട്ടില്ല.

സേനയിലെ പ്രധാനപ്പെട്ട മറ്റൊരു വിഭാഗമായ ഇന്റലിജന്‍സ് ബ്യൂറോ അഥവാ ഐബി എല്ലാ ജില്ലകളിലും രൂപീകരിച്ചിട്ടുണ്ട് പക്ഷെ ഈ വിഭാഗത്തിനും  അതുപോലെ തന്ത്രപ്രധാനമായ പല ചെക്ക് പോസ്റ്റുകളിലും ഡ്രൈവര്‍ തസ്തിക അനുവദിച്ചിട്ടില്ല. ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ജില്ലകളില്‍ താലൂക്ക് അടിസ്ഥാനത്തില്‍ സര്‍ക്കിളുകളും റേഞ്ചുകളും നടപ്പില്‍ വരുത്താന്‍ ഭരണ പരിഷ്‌കാരക്കമ്മീഷന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇതുവരെ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല

വാഹനത്തിന് ആനുപാതികമായി ഒരു ജില്ലയില്‍പ്പോലും ഡ്രൈവര്‍ തസ്തിക നിലവിലില്ലെന്നു വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടുന്നുന്നതായി ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. പൊതുഖജനാവിന്  സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന വകുപ്പായിരുന്നിട്ടും  സര്‍ക്കാര്‍ ഈ വകുപ്പിനോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. സാമ്പത്തിക ഞെരുക്കമാണ് ഇതിന് തടസമായി സര്‍ക്കാരിന്റെ സാമ്പത്തിക ഞെരുക്കമാണ് ചൂണ്ടിക്കാട്ടുന്നത്.

Tags