മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടാം, 25 ടിപ്‌സ്, വൈറലായി മുന്‍ റാങ്ക് ജേതാവ് ഡോ. രാജീവ് ജയദേവന്റെ കുറിപ്പ്

dr rajeev jayadevan facebook post
dr rajeev jayadevan facebook post

കൊച്ചി: പത്താം ക്ലാസ്, പ്ലസ് ടു ഫലം പുറത്തുവന്നാല്‍ മത്സര പരീക്ഷകളുടെ കാലമാണ്. എഞ്ചിനീയറിംഗ് മെഡിക്കല്‍ പരീക്ഷകള്‍ ഉള്‍പ്പെടെ കുട്ടികളുടെ ഉന്നതപഠനത്തിന് ഒട്ടേറെ മത്സര പരീക്ഷകളുണ്ട്. മത്സര പരീക്ഷകള്‍ തയ്യാറെടുക്കാനായി മാത്രം ഒന്നും രണ്ടും വര്‍ഷവും അതില്‍ കൂടുതലും മാറ്റിവെക്കുന്നവരും ഏറി വരികയാണ്. മത്സര പരീക്ഷകള്‍ക്ക് പ്രാധാന്യം ഏറിവരവെ അറിയപ്പെടുന്ന ഡോക്ടറും മുന്‍ റാങ്ക് ജേതാവുമായ രാജീവ് ജയദേവന്റെ കുറിപ്പ് വൈറലായി മാറുകയാണ്. മത്സര പരീക്ഷകള്‍ക്ക് എങ്ങനെ തയ്യാറെടുക്കണമെന്ന് അദ്ദേഹത്തിന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം 

പരീക്ഷയിൽ ഉന്നത വിജയം എങ്ങിനെ നേടാം
25 tips to do well in exams
〰️〰️〰️〰️🔹〰️〰️〰️〰️🔹〰️〰️〰️〰️
ഡോ. രാജീവ് ജയദേവൻ 
16 ജൂൺ 2023 
കുട്ടികൾക്കും ചെറുപ്പക്കാർക്കും രക്ഷിതാക്കൾക്കും ഉപകാരപ്പെടുന്ന ഈ ലേഖനം ഏറെ വർഷങ്ങളായി പ്ലാനിംഗ് സ്റ്റേജിൽ ആണ്. കുട്ടികൾക്കായുള്ള നിരവധി മെന്ററിങ് ക്ലാസുകളിൽ പലപ്പോഴായി പറഞ്ഞ കാര്യങ്ങൾ, ഇത്തവണത്തെ NEET പരീക്ഷാഫലം കണ്ടപ്പോൾ ഒരുമിച്ച് എഴുതാം എന്നുറപ്പിച്ചു.
എഴുതാനുള്ള യോഗ്യത ആദ്യമേ ചുരുക്കി പറയട്ടെ
🔸2nd rank Kerala State SSLC 1984
🔸1st Rank Kerala Medical Entrance 1986
🔸4th Rank Kerala Engineering Entrance 1986
🔸1st rank Final MBBS CMC Vellore 1991
🔸1st rank MD Medicine CMC Vellore 1995
🔸Madras University Gold Medal 1995
🔸MRCP 1996 
(അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം)
Summary: ഓരോ ദിവസവും നന്നായി വർക്ക് ചെയ്യണം, ഇതിൽ കുറുക്കുവഴികളില്ല.
🔹🔹🔹🔹
✔️അന്നന്നുള്ള പോർഷൻസ് ഉറപ്പായും ക്ലാസ് നോട്സും പുസ്തകങ്ങളും റെഫർ ചെയ്ത് പഠിച്ചിരിക്കണം.
✔️ക്‌ളാസിൽ ശ്രദ്ധ തെറ്റരുത്, മറ്റുള്ളവരുടെ തമാശകൾ കണ്ടു രസിച്ചാൽ നമുക്കാണ് നഷ്ടം, തമാശ പറഞ്ഞവന് ഇതൊന്നും ഒരു പ്രശ്‌നമാവണമെന്നില്ല. 
✔️ഓരോ കാര്യവും ആദ്യം കേൾക്കുമ്പോൾ ബ്രെയിൻ അത് ഒരു സ്പോഞ്ചു പോലെ വലിച്ചെടുക്കും, ആദ്യം മിസ്സായി രണ്ടാമത് ശ്രമിച്ചാൽ അത്രയും ട്രാക്ഷൻ കിട്ടുകയില്ല. ഫസ്റ്റ് ചാൻസ് ഈസ് ദി ബെസ്ററ് ചാൻസ്. അത് പാഴാക്കരുത്.
✔️നാളിതു വരെ ഒരു ക്‌ളാസ് പോലും “കട്ട്” ചെയ്തിട്ടില്ല. മദ്യം, പുക ഇവ തൊട്ടിട്ടുമില്ല. എല്ലാവരും അങ്ങനെയാകണം എന്നർത്ഥമില്ല.
✔️ഓരോ ദിവസവും തലേന്ന് പഠിപ്പിച്ച കാര്യങ്ങൾ റിവൈസ് ചെയ്യണം. ഇതിൽ ഒരൊഴിവും പാടില്ല. 
✔️പ്രലോഭനങ്ങൾ പലതും ഉണ്ടാവും. ത്യാഗങ്ങൾ വേണ്ടി വരും, അതിന്റെയൊക്കെ ഫലം പിന്നീടാകും കിട്ടുക.
✔️മറക്കാൻ സാധ്യത കൂടിയ സംഗതികൾ പ്രത്യേകം നോട്ട്ബുക്കിൽ അന്നന്നു തന്നെ എഴുതി സൂക്ഷിക്കുക. 
✔️ചില ദുർഘടമായ ടോപ്പിക്കുകൾ ഉണ്ടാവും, അത് അധ്യാപകരോടോ അല്ലെങ്കിൽ ക്‌ളാസിൽ മറ്റുള്ളവരോടോ ചർച്ച ചെയ്യുക. ഇപ്പോൾ എത്രയോ പഠനോപാധികളുണ്ട്: യൂട്യൂബ് lectures, apps, ചാറ്റ് GPT, ഗൂഗിൾ, PDF textbooks.
✔️അനാട്ടമിയിൽ നാഡികളുടെ സഞ്ചാരപഥം വിവരിക്കാൻ രക്തക്കുഴലുകൾ, എല്ലുകൾ, പേശികൾ ഇവയെയൊക്കെ കഥാപാത്രങ്ങളാക്കി  സ്വന്തമായി കഥകൾ എഴുതുമായിരുന്നു. ഇങ്ങനെ ഓർമ്മയെ പല രീതിയിൽ നമുക്ക് സ്വാധീനിക്കാൻ പറ്റും. ഇന്ന് കമ്പ്യൂട്ടർ visuals  ഗ്രാഫിക്സ് മറ്റും ഉള്ളതു പ്രയോജനപ്പെടുത്താം.
✔️തെറ്റുകൾ ആവർത്തിക്കുന്ന പ്രോഗ്രാമിങ് ആണ് മനസിന്റേത്. അതിനാൽ ഓരോ വിഷയത്തിലും പരീക്ഷയിലും മറ്റും ഉണ്ടായ തെറ്റുകൾ പോയിന്റ്സ് ആയി പ്രത്യേകം എഴുതി സൂക്ഷിക്കുക, അല്ലെങ്കിൽ മാസങ്ങൾക്കു ശേഷം പരീക്ഷയ്ക്ക് അതേ ചോദ്യം വരുമ്പോൾ അതേ തെറ്റു തന്നെ നമ്മൾ വരുത്താനിടയുണ്ട്. NEET ഉം മറ്റും ഒറ്റ മാർക്കിനാണ് പലർക്കും അഡ്മിഷൻ നഷ്ടമാകുന്നത് എന്നു മറക്കരുത്.
✔️ഓരോ പരീക്ഷയ്ക്കും ഓരോ രീതികൾ ഉണ്ട്. ക്രിക്കറ്റിൽ 20/20 പോലെയല്ല ടെസ്റ്റ് ക്രിക്കറ്റ്. ഓരോന്നിനും ഓരോ തരം തയ്യാറെടുപ്പാണ് വേണ്ടത്. ഞാൻ MRCP എഴുതുമ്പോൾ 100% നെഗറ്റീവ് മാർക്ക് ഉണ്ട്, ഏറെ പ്രാക്റ്റീസ് ചെയ്യേണ്ടി വന്നു. ബ്രിട്ടനിൽ ചെന്ന് ആറു മാസത്തിനകം മൂന്നു സ്റ്റെപ്‌സും ഫസ്റ്റ് ചാൻസിൽ പാസായി, അന്നത് അപൂർവമായ നേട്ടമായിരുന്നു. ഓരോ പരീക്ഷയുടെയും ഫോർമാറ്റിൽ സമയപരിധി വച്ച് പരമാവധി പ്രാക്ടീസ് ചെയ്യണം. സബ്ജക്റ്റ് അറിഞ്ഞതു കൊണ്ടു മാത്രം പേപ്പറിൽ മാർക്ക് വീഴുകയില്ല.

✔️Written പരീക്ഷകളിൽ handwriting നല്ല പങ്കു വഹിക്കുന്നു, സ്‌കൂളിൽ ഒരുപക്ഷെ എന്നേക്കാൾ അറിവുണ്ടായിരുന്ന ഒന്ന്‌ രണ്ടു പേർ ഒടുവിൽ പിന്നിലായതിന്റെ ഒരു കാരണം എന്റെ മികച്ച കൈയക്ഷരം ആയിരുന്നു എന്ന് എനിക്കു തോന്നുന്നു. So invest in good handwriting ആൻഡ് drawing/labelling  skills. ഒരു ഡയഗ്രം നന്നായി വരച്ച് ലേബൽ ചെയ്യാൻ കഴിഞ്ഞാൽ ഫുൾ മാർക്ക് അവിടെ വീഴും, കാരണം സബ്ജക്റ്റ് അത്ര നന്നായി അറിയുന്നയാൾക്കേ അതു സാധിക്കൂ. valuation നടത്തുന്നവർക്ക് അത് നന്നായറിയാം.
✔️പരീക്ഷക്കാലത്ത് ഉറക്കത്തിൽ ഒരിക്കലും പിശുക്കു കാണിക്കരുത്. ഒരിക്കലും. Never ever compromise on your sleep. പഠിച്ച കാര്യങ്ങൾ ബ്രെയിൻ പ്രോസസ് ചെയ്ത് ചിട്ടയായി അടുക്കി വയ്ക്കാനും ആവശ്യമുള്ളപ്പോൾ അത് retrieve ചെയ്യാനും ഇത് അത്യാവശ്യമാണ്. 

✔️പരീക്ഷക്കാലത്ത് വ്യായാമം മുടക്കരുത്, അതുപോലെ മനസ്സു തണുപ്പിക്കാൻ വിനോദങ്ങളിൽ ഏർപ്പെടണം, ടൈം ലിമിറ്റ്സ് ഉണ്ടാവണം എന്നു മാത്രം. 
✔️ഓരോരുത്തർക്കും മാക്സിമം brain efficiency ഉള്ള സമയം (golden zone) ഉണ്ട് 24 മണിക്കൂറിനിടയ്ക്ക്. ഒന്നോ രണ്ടോ മണിക്കൂർ വരെ duration ഇതിനുണ്ടാവാം. അത് അവരവർ കണ്ടെത്തി പ്രയോജനപ്പെടുത്തണം. Low uptake സമയത്തേക്കാൾ പത്തിരട്ടി വേഗത്തിൽ പഠിക്കാനും മറ്റും ഈ വിൻഡോയിൽ സാധിക്കും, അത് പാഴാക്കി കളയരുത്.
✔️പഠിക്കുമ്പോൾ ഉറക്കം വരുകയാണെങ്കിൽ പിന്നെ ബ്രേയ്‌നിനെ കഷ്ടപ്പെടുത്തരുത്, അല്പം മയങ്ങിയാൽ പിന്നീട് പതിൻമടങ്ങ് ഉഷാറായി പഠനം തുടരാൻ സാധിക്കും. പത്തോ പതിനഞ്ചോ മിനിറ്റ് മതിയാകും ഇത്തരം catnap breaks. ഒരേ വരി തന്നെ ആവർത്തിച്ചു വായിക്കുന്നതാണ് ഇതിന്റെ ആദ്യത്തെ സൂചന. ഉടൻ ബ്രേക്ക് എടുക്കുക.
✔️Benchmarking വളരെ പ്രധാനപ്പെട്ട സംഗതിയാണ്. നമ്മുടെ നിലവാരം തുടർച്ചയായി നാം അറിഞ്ഞിരിക്കണം, അത് മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കണം. നമ്മെക്കാൾ നന്നായി പെർഫോം ചെയ്യുന്നവരുമായി ആത്മാർഥമായ സൗഹൃദം ഇക്കാര്യത്തിൽ ഏറെ ഗുണം ചെയ്യും. ഇന്നും ബെസ്റ്റ് ഫ്രണ്ട്സ് ആണ് എന്റെ കാര്യത്തിൽ ഇവരൊക്കെ. കോമ്പറ്റിഷൻ എന്നൊക്കെ ചിലർ പറയുമെങ്കിലും എനിക്ക് അത് ബെഞ്ച്മാർക്കിങ് ആയേ തോന്നിയിട്ടുള്ളൂ.

✔️പഠനത്തിൽ കഷ്ടപ്പെടുന്നവരെ കൈയയച്ചു സഹായിക്കണം. എന്റെ ഫസ്റ്റ് MBBS യൂണിവേഴ്സിറ്റി exam കാലത്ത് ഒരു പ്രത്യേക സാഹചര്യത്തിൽ പെട്ടു പോയ സഹപാഠിക്ക്‌ വേണ്ടി സന്തോഷത്തോടെ ഏറെ സമയം ചിലവഴിച്ചു. മാർക്ക് കുറഞ്ഞാലും സാരമില്ല എന്നു വയ്ക്കുക, struggle ചെയ്യുന്ന ഒരാൾക്ക് പരീക്ഷ പാസാകാൻ നാം നിമിത്തമാകുന്നത് എത്ര വലിയ പുണ്യമാണ്.
✔️ഒരേ വേവ് ലെങ്ത് ഉള്ളവരുമായി കംബൈൻഡ് സ്റ്റഡി ഒരളവു വരെ നല്ലതാണ്, വിരസത ഒഴിവാക്കാനും ഉപകരിക്കും. എന്നാൽ പഠന വിഷയത്തിൽ നിന്നും ശ്രദ്ധ തെറ്റി മറ്റു വിഷയങ്ങൾ ചർച്ചയ്ക്കെത്തുമ്പോഴാണ് അത് ഒരു നഷ്ടമായിത്തീരുന്നത്.

✔️അധ്യാപകരെ ഒരിക്കലും കളിയാക്കുകയോ അസാന്നിധ്യത്തിൽ വിളിപ്പേരു വിളിക്കുകയോ ചെയ്തിട്ടില്ല.
✔️പരീക്ഷയ്ക്ക് നേരെത്തെയെത്തണം. കേരളാ സ്റ്റേറ്റ് MBBS എൻട്രൻസിന് തിരുവനന്തപുരത്തു വച്ചു വഴിതെറ്റി പത്തു പതിനഞ്ചു മിനിറ്റിലധികം വൈകിയാണ് എത്തിയത്, എങ്കിലും പ്രശ്നമുണ്ടായില്ല.
✔️പരീക്ഷാഹാളിൽ കയറുന്നതിനു തൊട്ടു മുൻപ് മറ്റുള്ളവരുമായി കഴിവതും ചർച്ചയ്ക്കു പോകരുത്. “ഇതു പഠിച്ചോ? അതു നോക്കിയോ?” എന്നുള്ള അവരുടെ പരിഭ്രമിപ്പിക്കുന്ന കമന്റുകൾ നമ്മുടെ മനസിന്റെ സമാധാനം കെടുത്താനിടയുണ്ട്, അതിനാൽ നേരെത്തെ ഉറപ്പിച്ച പ്ലാൻ അനുസരിച്ചു മാത്രം മുന്നോട്ടു പോവുക.
✔️ചോദ്യപ്പേപ്പർ എല്ലാവശവും വായിച്ചിരിക്കണം, ചിലർക്ക് ഒരു വശം മൊത്തം മിസ്സായി അബദ്ധം പിണഞ്ഞിട്ടുണ്ട്. എഴുതുമ്പോൾ നന്നായി ടൈം മാനേജ് ചെയ്യണം. അതിനാണ് പ്രാക്ടിസ് വേണം എന്നു പറഞ്ഞത്.
✔️ചോദ്യപ്പേപ്പർ വായിക്കുന്നതിനു മുൻപ് അല്പസമയം കണ്ണടച്ചു മനസ്സ് ശാന്തമായി വയ്ക്കുക. എന്നും വാത്സല്യം വാരിക്കോരിത്തന്ന മുതിർന്ന ബന്ധുക്കളുടെയും അധ്യാപകരുടെയും മുഖം ഓരോന്നായി മനസ്സിൽ നന്ദിയോടെ ഓർക്കുക എന്റെ ഒരു പതിവായിരുന്നു. 

✔️നമുക്കോരോരുത്തർക്കും ഓരോ strengths ഉം weakness ഉം ഉണ്ട്. ചിലർക്ക് ഫോട്ടോഗ്രാഫിക് മെമ്മറി ഉണ്ട്. മറ്റു ചിലർക്ക് ഏത് ബഹളത്തിനിടയിലും ഏകാഗ്രമായി പഠിക്കാൻ സാധിക്കും. മാഡം ക്യൂറിയ്ക്ക് അതുണ്ടായിരുന്നതായി വായിച്ചിട്ടുണ്ട്. 
✔️എന്നാൽ എനിക്ക് അത്തരം വരങ്ങളൊന്നും കിട്ടിയിട്ടില്ല. പഠിക്കുന്ന ഓരോ വിഷയത്തിലും അങ്ങേയറ്റം അറിവുണ്ടാകണം എന്നുള്ള അടങ്ങാത്ത വാശിയും, ഓരോന്നിനും കാരണങ്ങൾ കണ്ടെത്താനുള്ള curiosity യും ഇന്നും ഞാൻ വച്ചു പുലർത്തുന്നു. അതോടൊപ്പം സ്വയം തിരുത്താനുമുള്ള വിനയം ഉണ്ടാകണം. അതും Uncompromising ആയ perseverance ഉം ആണ് പരീക്ഷകളിലെ എന്റെ വിജയരഹസ്യം. ഇതേ ടെക്‌നിക്‌ ഉപയോഗിച്ചു ഉന്നത വിജയം നേടിയ പലരെയും ഞാനറിയും.
Best wishes 
Dr Rajeev Jayadevan 
17 June 2023
PS. Will add English version soon

Tags