വാട്‌സ് ആപ്പ് മെസേജ് ക്ലിക്ക് ചെയ്തതേ ഓര്‍മയുള്ളൂ, മലയാളിക്ക് നഷ്ടമായത് 4 കോടി രൂപ

whatsapp
whatsapp

ഇത്തരം കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ വിദഗ്ധര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

കൊച്ചി: രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ അനുദിനം വര്‍ദ്ധിച്ചുവരവെ മലയാളി യുവാവിന് അടുത്തിടെ നഷ്ടമായത് 4.05 കോടി രൂപ. വാട്‌സ്ആപ്പിലെത്തിയ ഒരു ലിങ്ക് ക്ലിക്ക് ചെയ്തതാണ് തൃപ്പൂണിത്തുറ സ്വദേശിക്ക് കോടികള്‍ നഷ്ടമാകാന്‍ ഇടയാക്കിയത്.

ലാഭകരമായ നിക്ഷേപ അവസരങ്ങളും ഉയര്‍ന്ന ആദായവും വാഗ്ദാനം ചെയ്യുന്ന ഒരു ആപ്പിലേക്കുള്ള ലിങ്ക് ആണ് ഇയാള്‍ ക്ലിക്ക് ചെയ്തത്. എളുപ്പത്തില്‍ പണം സമ്പാദിക്കാമെന്ന പ്രതീക്ഷയില്‍ ലിങ്കിനോട് പ്രതികരിച്ചതോടെ ഇയാളുടെ എല്ലാ നിക്ഷേപങ്ങളും സൈബര്‍ കുറ്റവാളികള്‍ കവര്‍ന്നെടുത്തു.

ഒരു പ്രമുഖ സ്വകാര്യ ധനകാര്യ സേവന കമ്പനിയുടെ പ്രതിനിധിയായി വേഷമിട്ട അവന്തിക ദേവ് എന്ന യുവതിയാണ് യുവാവിനെ കബളിപ്പിച്ചത്. അവര്‍ വാട്ട്സ്ആപ്പ് വഴി ഇരയെ സമീപിക്കുകയും Br-Block Pro എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ലാഭകരമായ ഷെയര്‍ ട്രേഡിംഗിലൂടെ കോടികള്‍ നേടാമെന്നായിരുന്നു വാഗ്ദാനം.

യുവതിയുടെ മനംമയക്കുന്ന വാക്കുകളില്‍ വീണ് ഇര ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും അതിലൂടെ പണം നിക്ഷേപിക്കുകയും ചെയ്തു. സെപ്തംബര്‍ 26 നും ഡിസംബര്‍ 9 നും ഇടയില്‍, യുവാവ് തന്റെ നിക്ഷേപം ഉയര്‍ന്ന ലാഭം നല്‍കുമെന്ന് വിശ്വസിച്ച് ഒന്നിലധികം നിക്ഷേപങ്ങള്‍ നടത്തി. എന്നാല്‍, നിക്ഷേപിക്കുന്ന പണമെല്ലാമെത്തിയത് സൈബര്‍ കുറ്റവാളികളുടെ അക്കൗണ്ടിലേക്കാണ്.

സംഭവം ഒറ്റപ്പെട്ടതല്ല. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേരുകയും ഉയര്‍ന്ന ലാഭം പ്രതീക്ഷിച്ച് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ആളുകള്‍ കബളിപ്പിക്കപ്പെടുകയും ചെയ്ത സമാനമായ ഒട്ടേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തുടനീളം ആകര്‍ഷകമായ ഓഫറുകളും വാഗ്ദാനങ്ങളും നല്‍കിക്കൊണ്ട് തട്ടിപ്പുകാര്‍ ആളുകളുടെ അത്യാഗ്രഹം മുതലെടുക്കുന്നു.

ഇത്തരം കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ വിദഗ്ധര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. പണം നിക്ഷേപിക്കുന്നതിന് മുമ്പ് ആപ്പുകളുടെയും പ്ലാറ്റ്ഫോമുകളുടെയും ആധികാരികത പരിശോധിക്കണമെന്നും സൈബര്‍ സെല്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. വാട്ട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ വഴി പങ്കിടുന്ന ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഒഴിവാക്കുക. ഈ ലിങ്കുകള്‍ പലപ്പോഴും ഉപയോക്താക്കളെ കബളിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഫിഷിംഗ് ആപ്പുകളാണ്.

അസാധാരണമാംവിധം ഉയര്‍ന്ന റിട്ടേണുകളോ ഗ്യാരണ്ടീഡ് ലാഭമോ വാഗ്ദാനം ചെയ്യുന്ന സ്‌കീമുകള്‍ സാധാരണയായി തട്ടിപ്പുകളാണെന്ന കാര്യം ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണ്. ഗവണ്‍മെന്റ് നിയന്ത്രിത നിക്ഷേപങ്ങള്‍ പോലും, മ്യൂച്വല്‍ ഫണ്ടുകള്‍ പോലെ, വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ മൂലമുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

Tags