സച്ചിനോളം പ്രതിഭ, തെരഞ്ഞെടുത്തത് കാംബ്ലിയുടെ വഴി, കളിക്കളത്തിന് പുറത്ത് താന്തോന്നിയായ പൃഥ്വി ഷാ, ലഹരി പാര്‍ട്ടിയും ആഘോഷവും കാമുകിമാരും

prithvi shaw
prithvi shaw

മുംബൈ: സച്ചിന്റെ പിന്‍ഗാമിയായി മുംബൈയില്‍ നിന്നൊരു പയ്യന്‍ ഉയര്‍ന്നുവന്നപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും വാനോളം പ്രതീക്ഷയിലായിരുന്നു. സാങ്കേതികത്തികവും പ്രതിഭയും ഒരുമിച്ചുചേര്‍ന്നൊരു ക്രിക്കറ്റ് താരമെന്ന് വാഴ്ത്തപ്പെട്ട പൃഥ്വി ഷാ കളിക്കളത്തിന് പുറത്തെ കുത്തഴിഞ്ഞ ജീവിത്തതിലൂടെ തന്റെ കരിയര്‍ തകര്‍ത്തു. മുംബൈ രഞ്ജി ട്രോഫി ടീമില്‍ നിന്നുകൂടി പുറത്തായതോടെ ഷായുടെ തിരിച്ചുവരവ് ഇനി എളുപ്പമാകില്ല.

2013 നവംബറില്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലെ പേരുകേട്ട ഹാരിസ് ഷീല്‍ഡ് മത്സരത്തിലൂടെയാണ് ഷാ ദേശീയ മാധ്യമങ്ങളില്‍ നിറയുന്നത്. റിസ്വി സ്പ്രിങ്ഫീല്‍ഡ് സ്‌കൂളിനായി 330 പന്തുകളില്‍ നിന്ന് 546 റണ്‍സടിച്ച പൃഥ്വി അന്ന് ഇന്ത്യന്‍ സ്‌കൂള്‍ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും സ്വന്തമാക്കി. 85 ഫോറുകളും അഞ്ചു സിക്സറുകളുമടക്കം പതിനാലുകാരനായ പൃഥ്വി ക്രിക്കറ്റ് ലോകത്തേക്ക് വരവറിയിച്ച മത്സമായിരുന്നു അത്. 1988 ല്‍ ഇതേ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ 326 റണ്‍സടിച്ചാണ് സച്ചിന്റേയും വരവ്. അന്ന് സച്ചിന്റെ കൂട്ടുകാരനായിരുന്ന വിനോദ് കാംബ്ലി ശാരദാശ്രമം വിദ്യാമന്ദിര്‍ സ്‌കൂളിനായി 664 റണ്‍സിന്റെ കൂട്ടുകെട്ടില്‍ പങ്കാളിയായി.

സച്ചിനേക്കാള്‍ പ്രതിഭയെന്ന് വിശേഷിപ്പിക്കപ്പെട്ട വിനോദ് കാംബ്ലി പിന്നീട് കളിക്കളത്തിന് പുറത്തെ മോശം ജീവിതത്തിലൂടെ കരിയര്‍ ഇല്ലാതാക്കി.  അന്ന് 349 റണ്‍സടിച്ച കാംബ്ലിയുടെ പാത പിന്തുടരുകയാണ് ഇന്നിപ്പോള്‍ പൃഥ്വി ഷായും. ചെറുപ്രായത്തില്‍ തന്നെ വന്നുചേര്‍ന്ന പ്രശസ്തിയും പണവും പൃഥ്വിയുടെ വഴിതിരിച്ചുവിട്ടു. ലഹരി പാര്‍ട്ടികളും കൂട്ടുകാര്‍ക്കൊപ്പമുള്ള വിവാദ യാത്രകളുമെല്ലാം ക്രിക്കറ്റില്‍ ശ്രദ്ധയകലാന്‍ കാരണമായി. കൂടാതെ അമിതഭാരവും താരത്തിന് തിരിച്ചടിയായെന്നുപറയാം.

വെറും അഞ്ചു ടെസ്റ്റുകളും ആറ് ഏകദിനങ്ങളും ഒരു ടി20-യും മാത്രമാണ് ദേശീയ ടീം ജേഴ്സിയില്‍ താരത്തിന്റെ അക്കൗണ്ടിലുള്ളത്. 2018 ല്‍ അരങ്ങേറ്റം കുറിച്ച തന്റെ ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടി. 2021 ജൂലായ്ക്ക് ശേഷം ദേശീയ ടീമിന്റെ പടിക്ക് പുറത്തും. രഞ്ജി ടീമില്‍നിന്നുകൂടി പുറത്തായതോടെ ഇനി ഐപിഎല്ലിലായിരിക്കും പൃഥ്വിയുടെ പ്രതീക്ഷയെല്ലാം. മുംബൈയുടെ രഞ്ജി ട്രോഫി ടീമില്‍ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കിയത് മോശം ഫിറ്റ്നസും പരിശീലന സെഷനുകളിലെ അച്ചടക്കമില്ലായ്മയുമാണ്.

അരങ്ങേറ്റം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം, 2018 ല്‍ ഓസ്ട്രേലിയയ്ക്കെതിരെ കളിക്കാന്‍ ഷായെ തിരഞ്ഞെടുത്തെങ്കിലും പരിശീലനത്തിനിടെ കണങ്കാലിന് പരിക്കേല്‍ക്കുകയും ഇതേത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താവുകയും ചെയ്തു. ഇത് ഷായുടെ ഫോക്കസ് നഷ്ടപ്പെടുത്തിയെന്നാണ് പറയപ്പെടുന്നത്.

അരങ്ങേറ്റം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം, 2019 ല്‍, സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ശേഖരിച്ച മൂത്ര സാമ്പിളുകളില്‍ ടെര്‍ബ്യൂട്ടാലിന്‍ അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷായെ സസ്‌പെന്‍ഡ് ചെയ്തു. എട്ട് മാസത്തെ വിലക്ക് ബിസിസിഐ അദ്ദേഹത്തിന് നല്‍കി. ബോര്‍ഡിന് നല്‍കിയ മറുപടിയില്‍, തന്റെ ജലദോഷത്തിനായി കഴിച്ച സിറപ്പാണ് ഇതിന് കാരണമെന്നാണ് പൃഥ്വി പറഞ്ഞത്. എന്നാല്‍, താരം മരുന്നു കഴിക്കുന്നതിന് മുന്‍പ് മുംബൈ ഫിസിയോ അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ഷായുടെ തിരിച്ചുവരവ് പരിക്കുകളാല്‍ വൈകുന്നതിനിടെ അച്ചടക്കമില്ലായ്മയും പേരുദോഷമുണ്ടാക്കി. താരത്തിന്റെ ഓഫ് ഫീല്‍ഡ് ലൈഫ്സ്റ്റൈല്‍ ടീമിലേക്കുള്ള മടങ്ങിവരവ് വൈകിപ്പിച്ചു.

പൃഥ്വി ഷായുടെ പരിശീലന രീതിക്കെതിരെ റിക്കി പോണ്ടിങ്ങും വിമര്‍ശിച്ച സംഭവമുണ്ടായി. ഏഴ് സീസണുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനായിരുന്ന റിക്കി പോണ്ടിങ്. 2018 മുതല്‍ ടീമിന്റെ ഭാഗമായിരുന്ന ഷായുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്നു. 2021ല്‍, ഐപിഎല്ലില്‍ ഷാ പരിശീലനത്തിനായി ബാറ്റ് ചെയ്യാന്‍ വിസമ്മതിച്ചെന്ന പരാതിയുയര്‍ന്നു. ഫോം ഇല്ലാതാകുമ്പോള്‍ പരിശീലനം കടുപ്പിക്കുന്ന സ്വഭാവം പൃഥ്വിക്കില്ലെന്നും അതേസമയം മികച്ച ഫോമില്‍ കളിക്കുമ്പോള്‍ പരിശീലനം നടത്തുമെന്നും പോണ്ടിങ് പറയുകയുണ്ടായി.

കൊവിഡിനെ തുടര്‍ന്ന് 2021 ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന്, മഹാരാഷ്ട്രയില്‍ നിന്ന് തന്റെ കാറില്‍ ഗോവയിലേക്ക് പോകുന്നതിനിടെ ഷായെ പോലീസ് തടഞ്ഞു. സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ ഇ-പാസില്ലാതെ വാഹനമോടിച്ചതിനാണ് യാത്രാമധ്യേ താരത്തെ തടഞ്ഞത്.

2022 ലെ ഐപിഎല്ലിന് മുന്നോടിയായുള്ള യോ-യോ ടെസ്റ്റിലും ഷാ പരാജയപ്പെട്ടു. ആവശ്യമായ 16.5 സ്‌കോര്‍ നേടാന്‍ ഷായ്ക്ക് കഴിഞ്ഞില്ല. സ്‌കോര്‍ ചെയ്തത് 15-ല്‍ താഴെയാണ്.

സുഹൃത്തുക്കളുമായി ആഘോഷിക്കുന്നതിനിടെ വഴക്കുണ്ടാക്കിയും പൃഥ്വി ശ്രദ്ധപിടിച്ചുപറ്റി. ഡിന്നര്‍ കഴിക്കുന്നതിനിടെ സെല്‍ഫി ആവശ്യപ്പെട്ട് ഒരു സംഘം സമീപിക്കുകയും അത് വഴക്കില്‍ കലാശിക്കുകയുമായിരുന്നു. ഷാ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുന്നത് വരെ കാത്തുനിന്ന സംഘം അദ്ദേഹത്തിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ത്തു.

ക്രിക്കറ്റിന് പുറത്ത് എന്നും വിവാദങ്ങളുടെ സഹയാത്രികനായ പൃഥ്വി ഷായ്ക്ക് തിരുത്തലുകളിലൂടെ മാത്രമേ ഇനി തിരിച്ചുവരാനാകൂ. ഭാരം കുറയ്ക്കുന്നതിനൊപ്പം അച്ചടക്കത്തോടെയുള്ള പെരുമാറ്റം ഉണ്ടായില്ലെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും യുവതാരത്തിന് സ്ഥാനമുണ്ടാകില്ല.

Tags