ബിനോയ് വിശ്വം സിപിഎമ്മിനേയും എസ്എഫ്‌ഐയേയും ഉപദേശിക്കുന്നതിനിടയില്‍ സിപിഐ നേതാവും ലോക്കല്‍ കമ്മറ്റി അംഗങ്ങളും ബിജെപിയില്‍

george thachampara

പാലക്കാട്: പാലക്കാട് ജില്ലയിലെ പ്രമുഖ സിപിഐ നേതാവായ ജോര്‍ജ് തച്ചമ്പാറ ബിജെപിയിലേക്ക്. ഗ്രാമ പഞ്ചായത്ത് അംഗമായ ഇയാള്‍ക്കൊപ്പം ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ അടക്കം 15 പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. കൂടുതല്‍ പേര്‍ സിപിഐയില്‍ നിന്ന് ബിജെപിയില്‍ എത്തുമെന്ന് ജോര്‍ജ് തച്ചമ്പാറ പ്രതികരിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍നിന്നും ജോര്‍ജ് അംഗത്വം സ്വീകരിക്കും. പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ പങ്കെടുക്കാനെത്തിയാല്‍ സുരേന്ദ്രന്‍ സിപിഐ വിട്ടുവരുന്നവര്‍ക്ക് അംഗത്വം നല്‍കും. പാലക്കാട് ഉപതെരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിച്ചാലും പാര്‍ട്ടി സജ്ജമെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ബിജെപി ഇത്തവണ വലിയ ഭൂരിപക്ഷത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കും.

ഇരു മുന്നണികള്‍ക്കും എതിരായ ശക്തമായ അടിയോഴുക്കാണ് ഉള്ളത്. വിജയിക്കാന്‍ കഴിയുന്ന നല്ലസ്ഥാനാര്‍ഥിയെ പാര്‍ട്ടി നിര്‍ത്തും. എല്‍ഡിഎഫിനും യുഡിഎഫിനും വോട്ട് കുറഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പാണ് കടന്നുപോയത്. ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യം ബിജെപിക്കാണ് കിട്ടിയതെന്നും യുഡിഎഫിന് ഇതിന്റെ ആനുകൂല്യം കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എസ്എഫ്‌ഐയുടെ പ്രവര്‍ത്തന ശൈലിയേയും വിമര്‍ശിച്ചു. ഇതിനിടയിലാണ് സിപിഐ അംഗങ്ങള്‍ പാര്‍ട്ടി വിടുന്നത്.

Tags