രാജ്യത്ത് ഒരു സംസ്ഥാനം കത്തുമ്പോഴും വിദേശ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി, ഒരിക്കല്‍പ്പോലും മണിപ്പൂര്‍ സന്ദര്‍ശിച്ചില്ല


2023 മെയ് മുതല്‍ കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലെത്തി അവിടുത്തെ ജനങ്ങളെ ആശ്വസിപ്പിക്കാത്തത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനം കൂടിയാണ് മണിപ്പൂര്‍.
ന്യൂഡല്‍ഹി: മണിപ്പൂരില്‍ മാസങ്ങളായി നടക്കുന്ന കലാപത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ജനങ്ങള്‍ ഭവനരഹിതരാവുകയും ചെയ്തിട്ടും ഒരിക്കല്‍പ്പോലും സന്ദര്‍ശനം നടത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടവേളയ്ക്കുശേഷം മണിപ്പൂരില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വിദേശ പര്യടനത്തിന് പോവുകയായിരുന്നു ഇന്ത്യന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു.
വാര്‍ഷിക ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി ബ്രസീലിലെത്തിയിരുന്നു. അവിടെ വിവിധരാജ്യങ്ങളിലെ തലവന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, നൈജീരിയയിലേക്കും ഗയാനയിലേക്കും സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിക്ക് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ കഴിയാത്തത് എന്തെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.
2023 മെയ് മുതല്‍ കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലെത്തി അവിടുത്തെ ജനങ്ങളെ ആശ്വസിപ്പിക്കാത്തത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനം കൂടിയാണ് മണിപ്പൂര്‍. വളരെ ദാരുണമായി തകര്‍ന്ന മണിപ്പൂരിലെ പ്രശ്നബാധിത സംസ്ഥാനം സന്ദര്‍ശിക്കാന്‍ നരേന്ദ്ര മോദി എന്തുകൊണ്ടാണ് വിസമ്മതിക്കുന്നതെന്ന് പ്രതിപക്ഷം ചോദിക്കുന്നു.

മണിപ്പൂര്‍ സന്ദര്‍ശിക്കാനും മേഖലയില്‍ സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രിയോട് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപം ഒരു വര്‍ഷത്തിലേറെയായി മണിപ്പൂരില്‍ അശാന്തി വിതയ്ക്കുകയാണ്. സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗം ചെയ്യപ്പെടുന്നതും തട്ടിക്കൊണ്ടുപോകുന്നതുമെല്ലാം മണിപ്പൂരില്‍ നിത്യസംഭവമായി മാറിക്കഴിഞ്ഞു. അക്രമം നടത്തുന്നവരെ അമര്‍ച്ച ചെയ്യാനോ ഇവര്‍ക്ക് ആയുധമെത്തുന്നത് തടയാനോ സര്‍ക്കാരിന് സാധിക്കുന്നില്ല.