മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയും വീട്ടില്‍ മരപ്പട്ടി ശല്യം, ഈ കെട്ടിടങ്ങള്‍ മാറ്റി പുതിയത് പണിയണമെന്ന് മുരളി തുമ്മാരുകുടി

Muralee Thummarukudy
Muralee Thummarukudy

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയുമെല്ലാം വീട് കാലാനുസൃതമായി ആധുനിക സൗകര്യമുള്ള താമസസ്ഥലമാക്കണമെന്ന നിര്‍ദ്ദേശവുമായി യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. വസതിയില്‍ മരപ്പട്ടി ശല്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

tRootC1469263">

1942ല്‍, അന്നത്തെ തിരുവിതാംകൂര്‍ ദിവാന് വേണ്ടി നിര്‍മ്മിച്ച കെട്ടിടമാണ് ക്ലിഫ് ഹൗസ്. അക്കാലത്തെ നിര്‍മ്മാണ വസ്തുക്കളും, സാങ്കേതിക വിദ്യയും ഒക്കെയാണ്. പഴയ കെട്ടിടങ്ങള്‍ നന്നായി കൊണ്ടുനടക്കുക എന്നത് ഏറെ ചിലവുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ സുരക്ഷാ പരിഗണനകള്‍ കൂടി നല്‍കി ആധുനിക വീടുകള്‍ പണിയണമെന്ന് മുരളി തുമ്മാരുകുടി നിര്‍ദ്ദേശിച്ചു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

മന്ത്രിമാരുടെ ഔദ്യോഗിക വസതികളും ഓഫീസുകളും
കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നും പൊതുവെ ഒരു കാര്യത്തിലും പബ്ലിക് ആയി അഭിപ്രായ സമന്വയം കാണിക്കാറില്ല.
പക്ഷെ അവരവരുടെ  വീടുകളില്‍ മരപ്പട്ടി ശല്യം ഉള്‍പ്പടെയുള്ള വിഷയങ്ങളെപ്പറ്റി രണ്ടുപേരും ഒരുപോലെ പ്രതികരിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു.
ഈ രണ്ടു വീടുകളിലും പോയിട്ടുള്ള ആളെന്ന നിലക്ക് എനിക്ക് ഒട്ടും അതിശയം തോന്നിയില്ല.

കാര്യം 'ക്ലിഫ് ഹൌസ്, കന്റോണ്‍മെന്റ് ഹൌസ്' എന്നൊക്കെയുള്ള പ്രെസ്റ്റീജിയസ് പേരുകളും, പുറത്ത് പോലീസ് കാവലും ഒക്കെയുണ്ടെങ്കിലും ഈ വീടുകളുടെ ഒക്കെ മെയിന്റനന്‍സ് ഒക്കെ വളരെ ശോകമാണ്. കേരളത്തിലെ ഏതൊരു ഗ്രാമത്തിലും ഇന്ന് ഇതിലും കെട്ടും മട്ടുമുള്ള വീടുകള്‍ ഉണ്ട്, ഇതിലും എത്രയോ നന്നായിട്ടാണ് അവയൊക്കെ കൊണ്ടുനടക്കുന്നത്.

ആയിരത്തി തൊള്ളായിരത്തി നാല്പത്തി രണ്ടില്‍, ഏതാണ്ട് എണ്‍പത്തി രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അന്നത്തെ തിരുവിതാംകൂര്‍ ദിവാന് വേണ്ടി നിര്‍മ്മിച്ച കെട്ടിടമാണ് ക്ലിഫ് ഹൗസ്. അക്കാലത്തെ നിര്‍മ്മാണ വസ്തുക്കളും, സാങ്കേതിക വിദ്യയും ഒക്കെയാണ്. പഴയ കെട്ടിടങ്ങള്‍ നന്നായി കൊണ്ടുനടക്കുക എന്നത് ഏറെ ചിലവുള്ള കാര്യമാണ്, ഇക്കാലത്ത് റിസോര്‍ട്ട്കാര്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണ്.

ബ്രൂണെയിലെ രാജാവിന്റെ ആയിരത്തി അറുന്നൂറു മുറികള്‍ ഉള്ള കൊട്ടാരം മുതല്‍ സൗത്ത് സുഡാനിലെ പ്രധാനമന്ത്രിയുടെ ഓല മെടഞ്ഞ കുടില്‍ വരെയുള്ള അനവധി ഔദ്യോഗിക വസതികള്‍ സന്ദര്‍ശിക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ട്.

ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ മുപ്പത്തി മൂന്നു മില്യണ്‍ ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാകാനുള്ള സൗകര്യമൊന്നും ക്ലിഫ് ഹൗസിനോ നമ്മുടെ മറ്റു മന്ത്രി മന്ദിരങ്ങള്‍ക്കോ ഇല്ല.   പ്രത്യേകിച്ചും കോവിഡാനന്തര കാലത്ത് 'വര്‍ക്ക് ഫ്രം ഹോം' ഒക്കെ പതിവായ ലോകത്ത്. കേരളത്തിലേക്ക് സാങ്കേതിക സഹകരണത്തിനോ നിക്ഷേപത്തിനോ ഒക്കെ വരുന്ന ആളുകള്‍ കേരളത്തിന്റെ പുരോഗതിയുടേയും കാര്യക്ഷമതയുടേയും ഒക്കെ ഭാഗമായിട്ടാണ് ഓഫീസും ഔദോഗിക വസതിയും ഒക്കെ കാണുന്നത്. ഇവിടെ നമുക്ക് കിട്ടുന്നത് ഇ ഗ്രേഡ് ആണ്.

ഒരു സുരക്ഷ വിദഗ്ധന്‍ എന്ന നിലയിലും ക്ലിഫ് ഹൌസ് ഉള്‍പ്പടെയുള്ള കെട്ടിടങ്ങള്‍ വേണ്ടത്ര സ്റ്റാന്‍ഡേര്‍ഡ് ഉള്ളവയല്ല. ഇതുവരെ അപകടമോ അക്രമമോ ഉണ്ടാകാത്തതിനാല്‍ അങ്ങനെ പോകുന്നു എന്ന് മാത്രം. കൂടുതല്‍ പറയുന്നില്ല, പ്രവചനമാകും.

നമ്മുടെ സെക്രട്ടറിയേറ്റ് എത്രമാത്രം സുരക്ഷയില്ലാത്തതാണ് എന്ന് ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. നമ്മുടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പടെ ഒരു മന്ത്രിമാരുടെ ഓഫീസ് പോലും ഒരു ആധുനിക ഓഫീസിനു വേണ്ട കെട്ടും മട്ടും സാങ്കേതിക സൗകര്യങ്ങളും ഉള്ള ഒന്നല്ല.

മന്ത്രിമാരുടെ ഓഫീസും വീടും  നിര്‍മ്മിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും ചിലവാക്കുന്ന തുക മന്ത്രിമാരുടെ സ്വകാര്യ ഉപഭോഗം ആണെന്ന നിലയില്‍ നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും അങ്ങനെ ജനങ്ങള്‍ കാണുന്നു എന്ന് ചിന്തിക്കുന്നതും, അത് പ്രതിപക്ഷം മുതലെടുക്കുമോ എന്നുള്ള സംശയവും ഒക്കെയാണ് കാലാനുസൃതമായി ആധുനികമായ ഔദ്യോഗിക വസതികള്‍ ഉണ്ടാക്കുന്നതില്‍ നിന്നും നമ്മുടെ നേതാക്കളെ പിന്തിരിപ്പിക്കുന്നത്. അതുകൊണ്ടാണ് മരപ്പട്ടി മൂത്രമൊഴിക്കുന്നതും പേടിച്ച് അവര്‍ക്ക് ജീവിക്കേണ്ടി വരുന്നത്.

നമ്മുടെ മന്ത്രിമാരുടെ ഓഫീസും  ഔദ്യോഗിക വസതികളും  ഒക്കെ കൂടുതല്‍ ആധുനികവും സാങ്കേതികമായി കാര്യക്ഷമവും ആക്കാന്‍ ചിലവാക്കുന്ന ഒരു തുകയും നഷ്ടമൊന്നുമല്ല. ജനാധിപത്യമായ ഒരു സംവിധാനത്തില്‍ അതവരുടെ സ്വകാര്യ സ്വത്ത് ഒന്നുമല്ലല്ലോ. പോരാത്തതിന് ഒരു ദുരന്ത, സുരക്ഷാ സാഹചര്യം ഉണ്ടായാല്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഓഫീസും വീടും ഒക്കെ 'ക്രിട്ടിക്കല്‍ ഇന്‍ഫ്രാ സ്ട്രെച്ചര്‍' ആണ്. അവിടെ നമ്മുടെ മന്ത്രിമാര്‍ സുരക്ഷിതമായിരിക്കേണ്ടത്, അവര്‍ക്ക് നമ്മുടെ ഉന്നത ഉദ്യോഗസ്ഥരുമായി സുരക്ഷിതമായി വാര്‍ത്താവിനിമയം നടത്താന്‍ സൗകര്യമുണ്ടാകേണ്ടത് ഒക്കെ നമ്മുടെ കണ്ടിന്‍ജന്‍സി പ്ലാനിങ്ങിന്റെ ഭാഗമായിരിക്കേണ്ടതാണ്. അവിടെ ചെറിയ ലാഭം നോക്കുന്നതും ചിലവിനെ പറ്റി മാധ്യമങ്ങള്‍ വര്‍ത്തയുണ്ടാക്കും എന്നതിന്റെ പേരില്‍ ആധുനികമാക്കാതിരിക്കുന്നതും ശരിയല്ല.

ഇപ്പോള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒക്കെ ഇക്കാര്യത്തില്‍ തുല്യദുഃഖിതര്‍ ആയതിനാല്‍ വരുന്ന കാലത്തിന് യോജിച്ച ഓഫീസുകളും ഔദ്യോഗിക വസതികളും ഉണ്ടാക്കാനുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍ ചിന്തിച്ചാല്‍ നന്നായിരിക്കും. ഇപ്പോള്‍ പലയിടത്തായി കിടക്കുന്ന വസതികള്‍ ഒക്കെ കുറച്ചുകൂടി കണ്‍സോളിഡേറ്റ് ചെയ്തു രണ്ടോ മൂന്നോ ക്ലസ്റ്ററുകള്‍ ആക്കി,  ഒരു സുരക്ഷാ വലയത്തിന് ഉള്ളില്‍ ആക്കിയാല്‍ ഏറെ ഓപ്പെറേറ്റിങ്ങ് ചിലവുകള്‍ കുറയും.  അങ്ങനെ ഫ്രീ ആകുന്ന സ്ഥലം മാര്‍ക്കറ്റ് വിലക്ക് വിറ്റാല്‍ തന്നെ ഈ പ്രോജക്ടിനുള്ള പണവും കിട്ടും !

(യു കെ യില്‍ ഒരു ഏറെ സ്ഥലമുള്ള ഒരു പഴഞ്ചന്‍ സര്‍ക്കാര്‍ ആശുപത്രി (കുറുക്കന്‍ ആയിരുന്നു അവിടുത്തെ പ്രധാന ശല്യം) ഒരു  പ്രൈവറ്റ് ബില്‍ഡറുമായി ഉള്ള എഗ്രിമെന്റില്‍ മാറ്റി പണി കഴിപ്പിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഒരു ആധുനിക ആശുപത്രി നഗരത്തില്‍ പണി കഴിപ്പിച്ചതിന് ശേഷം പഴയ ആശുപത്രിയും സ്ഥലവും ബില്‍ഡര്‍ക്ക് വിട്ടുകൊടുത്തു. ഇത്തരത്തില്‍ ഉള്ള  ക്രിയേറ്റിവ് ആയ എന്തെങ്കിലും സൊല്യൂഷന്‍ കണ്ടുപിടിച്ചാല്‍ സര്‍ക്കാര്‍ ധൂര്‍ത്ത് എന്നും പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലാത്തപ്പോള്‍ കൊട്ടാരം പണിതു എന്നൊക്കെയുള്ള വിമര്‍ശനം ഒഴിവാക്കാം, നമ്മുടെ മാധ്യമങ്ങള്‍ ആയത് കൊണ്ട് മറ്റെന്തെങ്കിലും വിമര്‍ശനവുമായി വന്നോളും).

 

Tags