ചുഴലിക്കാറ്റുണ്ടായയുടന്‍ തമിഴ്‌നാടിന് 944 കോടി രൂപ നല്‍കി കേന്ദ്രം, അവിടെ കൊടുത്തില്ലെങ്കില്‍ പണിപാളും, കേരളത്തിന് തിരിച്ചടിയായത് ഒത്തൊരുമ ഇല്ലായ്മ, മാധ്യമങ്ങളും പ്രതിപക്ഷവും പിന്നില്‍നിന്നും കുത്തി


വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ആയിരക്കണക്കിന് വീടുകള്‍ പൂര്‍ണമായും തകരുകയും ഗ്രാമങ്ങള്‍ ഒലിച്ചുപോയി നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍നഷ്ടമാവുകയും ചെയ്‌തെങ്കിലും കേരളത്തിന് കേന്ദ്രം സഹായം നല്‍കിയില്ല.
കൊച്ചി: ചൂരല്‍മലയിലും മുണ്ടക്കൈയ്യിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ സഹസ്രകോടികളുടെ നാശനഷ്ടമുണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് പ്രത്യേക ധനസഹായം നല്‍കാത്തത് ഏറെ വിവാദമായിരിക്കെ തമിഴ്‌നാടിന് 944 കോടി രൂപ നല്‍കി കേന്ദ്രം. അടുത്തിടെയുണ്ടായ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ വിലയിരുത്തിയാണ് ഉടനടി സഹായം നല്‍കിയത്.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ആയിരക്കണക്കിന് വീടുകള്‍ പൂര്‍ണമായും തകരുകയും ഗ്രാമങ്ങള്‍ ഒലിച്ചുപോയി നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍നഷ്ടമാവുകയും ചെയ്‌തെങ്കിലും കേരളത്തിന് കേന്ദ്രം സഹായം നല്‍കിയില്ല. പ്രധാനമന്ത്രി നേരിട്ടെത്തി സ്ഥിതഗതികള്‍ വിലയിരുത്തുകയും കൈവിടില്ലെന്നും സഹായം ഉടനുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും നാലു മാസത്തിന് ശേഷവും കേന്ദ്രത്തിന് അനക്കമില്ല.
തമിഴ്‌നാട്ടില്‍ സഹായം നല്‍കിയില്ലെങ്കില്‍ അത് ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്നതിനാലാണ് ഉടനടി സഹായം നല്‍കിയതെന്നാണ് മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരന്റെ വിലയിരുത്തല്‍. അവിടെ മാധ്യമങ്ങളെല്ലാം സംസ്ഥാനത്തിന്റെ താത്പര്യത്തിനനുസരിച്ചാണ് വിഷയം കൈകാര്യം ചെയ്യുക. മാത്രമല്ല, ബിജെപി പ്രവവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കേരളത്തില്‍ മാധ്യമങ്ങളും പ്രതിപക്ഷവും കേരള താത്പര്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അത് കേന്ദ്ര സഹായം നല്‍കാതിരിക്കാനുള്ള കാരണമായിട്ടുണ്ടെന്നുമാണ് കരുതുന്നത്.

ശ്രീജിത്ത് ദിവാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്,
തമിഴ് നാടിന് പ്രളയ ദുരിതാശ്വാസമായി 944 കോടി ലഭിച്ചു എന്ന വാര്‍ത്ത കേള്‍ക്കുന്നുണ്ട്. കേരളത്തിന് അര്‍ഹമായ വിഹിതം വരെ നിഷേധിക്കപ്പെടുന്നത് തുടരുകയും ചെയ്യുന്നുണ്ട്.
എന്തുകൊണ്ടാണ് എന്നോര്‍ത്തിട്ടുണ്ടോ?
രണ്ട് കാര്യങ്ങള്‍ എനിക്കറിയാം.
1. തമിഴ്‌നാട്ടിലെ എല്ലാ മാധ്യമവും, അവരുടെ അലീജന്‍സ് ഏത് പാര്‍ട്ടിയോടാണ് എങ്കിലും, കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കില്‍ തമിഴ്‌നാടിന് വേണ്ടി പോരാടും. ഉപ ദേശീയത എന്നത് ഒരു കാരണവശാലും ചീത്ത കാര്യമില്ല. അത് ഫെഡറല്‍ സംവിധാനത്തില്‍ അവകാശങ്ങള്‍ ഉറപ്പിക്കുന്ന വൈകാരികതയാണ്.
2. തിരഞ്ഞെടുപ്പില്‍ ജയിച്ചാലും ഇല്ലേലും കേന്ദ്ര സഹായം ലഭിച്ചില്ലേല്‍ തമിഴ്‌നാട്ടിലെ ബി.ജെ.പി കാര്‍ക്ക് ജീവിക്കാന്‍ പറ്റില്ല. ജനം മുഖം ടാറിട്ട റോട്ടില്‍ ഉരച്ച് 'ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴുക്ക് ' എന്ന് നൂറു വട്ടം എഴുതിക്കും. ആത്മാഭിമാനം അവശേഷിക്കുന്ന ഏത് തമിഴ് ബി.ജെ.പി നേതാവും കേന്ദ്രത്തിലെ ജീ യുടെ കാല് പിടിച്ച് ഉപരോധം ഇല്ലാതാക്കും. അവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.
കേരളത്തില്‍, കേരളത്തെ ഖേരളം എന്ന് വിളിക്കുന്നതാണത്രേ ഫാഷന്‍.