ഫാര്‍മസിസ്റ്റ് നിയമനം: റാങ്ക് ലിസ്റ്റിലുള്ളവരെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ഉദ്യോഗാർത്ഥികൾ; നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ 10 ശതമാനം പോലും നിയമനം നല്‍കാതെ പരീക്ഷ വീണ്ടും നടത്തി

psc

കണ്ണൂര്‍: നിലവിലുള്ള ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും പത്ത് ശതമാനം പോലും നിയമനം നടത്താതെ പുതിയ പരീക്ഷ നടത്തി ഉദ്യോഗാര്‍ഥികളുടെ അവസരം നിഷേധിച്ച് സര്‍ക്കാര്‍. 
ഉദ്യോഗാർത്ഥികളോട് ഇവർ കൊടും വഞ്ചന നടത്തിയെന്നാണ് പരാതി..2021 ഡിസംബര്‍ 28നാണ് റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്. മൂന്നുവര്‍ഷമാണ് കാലാവധി. അതുപ്രകാരം അഞ്ചുമാസം മാത്രമാണ് ഇനി ബാക്കിയുള്ളത്. 
രണ്ടര വര്‍ഷത്തിനിടയില്‍ 2033 പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം ലഭിച്ചത് വെറും 215 പേര്‍ക്ക് മാത്രം. 1818 പേര്‍ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിപ്പാണ്. 

ആര്‍ദ്രം പദ്ധതി വഴി സംസ്ഥാനത്ത് 679 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ 150 തസ്തികകള്‍ മാത്രമാണ് സൃഷ്ടിച്ചത്. നിലവില്‍ ആശുപത്രികളില്‍ വേഗത്തില്‍ ഡോക്ടറെ കാണിച്ചാലും മരുന്ന വാങ്ങാന്‍ ക്യൂവില്‍ നിന്ന് വലയുകയാണ് രോഗികള്‍. രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ താല്‍ക്കാലിക നിയമനം നടത്തി സര്‍ക്കാര്‍ തടിയൂരുകയാണ്. സംസ്ഥാനത്തെല്ലായിടത്തും വ്യാപകമായി ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. 

psc exam

ഇത് സംബന്ധിച്ച് ജില്ലാ ഓഫിസുകളില്‍ നിന്നും നിര്‍ദേശം സമര്‍പ്പിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് നിയമനം നടത്താത്തതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. അതേസമയം നിലവിലെ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് പോലും നിയമനം നല്‍കാതെ ആരെ പറ്റിക്കാനാണ് വീണ്ടും പരീക്ഷ നടത്തിയതെന്നാണ് ഉദ്യോഗാര്‍ഥികളുടെ ചോദ്യം.

റാങ്ക് ലിസ്റ്റില്‍ കൂടുതലുമുള്ളത് സത്രീകളാണ്. പലര്‍ക്കും പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനിയൊരു പരീക്ഷ എഴുതാനുള്ള അവസരവുമില്ല. പലരും അവസാന അവസരമായാണ് ഈ പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത്. കഴിഞ്ഞമാസം 20നാണ് പുതിയ പരീക്ഷ കഴിഞ്ഞത്. സാധ്യത പട്ടിക പ്രസിദ്ധീകരിച്ചില്ലെങ്കിലും ഇടുക്കി, വയനാട് ജില്ലകളിലെ ചില ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി വെബ്‌സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. 

നേരത്തെ പൊലിസ് കോൺസ്റ്റബിൾ പരീക്ഷയിലും നിലവിലുള്ള ലിസ്റ്റിൽ നിന്നും ഉദ്യോഗാർത്ഥികളെയെടുക്കാതെ പുതിയ പരീക്ഷയ്ക്കു അപേക്ഷ ക്ഷണിച്ചിരുന്നു.