മോദി ഗ്യാരന്റി ഗുജറാത്തിലും, വിമാനത്താവള മേല്‍ക്കൂര തകര്‍ന്നതില്‍ ബിജെപി ന്യായീകരണം, വമ്പന്‍ അഴിമതിയെന്ന് ആരോപണം

Narendra Modi

 

ഗാന്ധിനഗര്‍: ഡല്‍ഹിയിലും മധ്യപ്രദേശിലും വിമാനത്താവള മേല്‍ക്കൂര തകര്‍ന്നുവീണതിന് പിന്നാലെ രാജ്‌കോട്ട് വിമാനത്താവളത്തിലും മേല്‍ക്കൂര തകര്‍ന്നു. കനത്തമഴയെ തുടര്‍ന്നാണ് വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാര്‍ ഡ്രൈവറായ നാല്‍പ്പത്തഞ്ചുകാരനാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

വ്യാഴാഴ്ച മധ്യപ്രദേശിലെ ജബല്‍പുര്‍ വിമാനത്താവളത്തിന്റെയും മേല്‍ക്കൂര തകര്‍ന്നുവീണിരുന്നു. മഴവെള്ളം കെട്ടിക്കിടന്നതിനെ തുടര്‍ന്നായിരുന്നു മേല്‍ക്കൂര തകര്‍ന്നത്. താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്കായിരുന്നു മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ വീണതെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

വിമാനത്താവളങ്ങളില്‍ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച നിര്‍മാണ പ്രവര്‍ത്തികള്‍ തകരുന്നത് അഴിമതിയെത്തുടര്‍ന്നാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. ബിജെപിക്ക് കോടകള്‍ ഇലക്ടറല്‍ ബോണ്ടിലൂടെ നല്‍കിയ കമ്പനികളുടെ നിര്‍മാണങ്ങളും അടുത്തിടെ തകര്‍ന്നിരുന്നു.

അതേസമയം, രാജ്കോട്ടിലെ മേല്‍ക്കൂര തകര്‍ച്ചയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ സംഭവത്തില്‍ കുറ്റപ്പെടുത്തേണ്ടതില്ലെന്നും കാരണം അദ്ദേഹം കാര്യമായ വിമാനത്താവളങ്ങള്‍ നിര്‍മ്മിച്ചില്ലെന്നുമാണ് പരിഹാസം.

 

Tags