ജയ്‌സ്വാളിനെ പുറത്താക്കിയത് കള്ളക്കളിയിലൂടെ, ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ വഴിയൊരുക്കി ബംഗ്ലാദേശ് അമ്പയര്‍, പരാതിയുമായി ബിസിസിഐ
കേവലം 33 റണ്‍സില്‍ കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായതിന് ശേഷം ഇന്ത്യ സമനിലയ്ക്കായി പൊരുതിയെങ്കിലും വിജയിച്ചില്ല.
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ 184 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പരാതിയുമായി ബിസിസിഐ. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഏറ്റുമുട്ടലില്‍ അവസാന ഓവറുകളിലാണ് ഓസ്‌ട്രേലിയ ജയം പിടിച്ചുവാങ്ങിയത്. ഇതോടെ പരമ്പരയില്‍ 2-1ന് മുന്നിലെത്താനും ആതിഥേയര്‍ക്ക് സാധിച്ചു.
മത്സരത്തിന്റെ അവസാന ദിനത്തില്‍ ആകെ 340 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് കളിയില്‍ തിരിച്ചെത്താനുള്ള അവസരം ലഭിച്ചെങ്കിലും മുന്‍നിര ബാറ്റര്‍മാരുടെ പരാജയം തിരിച്ചടിയായി. കേവലം 33 റണ്‍സില്‍ കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായതിന് ശേഷം ഇന്ത്യ സമനിലയ്ക്കായി പൊരുതിയെങ്കിലും വിജയിച്ചില്ല.
മൂന്നാം സെഷനില്‍ പന്ത് പുറത്തായതിന് ശേഷം, ജയ്സ്വാള്‍ നിലയുറപ്പിച്ചതോടെ കളി സമനിലയിലെത്തുമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ, കളിയുടെ 71-ാം ഓവറില്‍ വിവാദ തീരുമാനത്തില്‍ ജയ്‌സ്വാള്‍ പുറത്തായി.
പാറ്റ് കമ്മിന്‍സ് എറിഞ്ഞ 71-ാം ഓവറിലെ അഞ്ചാം പന്തില്‍, ഷോര്‍ട്ട് ഡെലിവറി അടിക്കാന്‍ ശ്രമിക്കവെ പന്ത് എഡ്ജ് ചെയ്തതായി ഓസീസ് കളിക്കാര്‍ അപ്പീല്‍ ചെയ്തു. എന്നാല്‍, അമ്പയര്‍ ജോയല്‍ വില്‍സണ്‍ വിരലുയര്‍ത്തിയില്ല.
ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ഉടന്‍ തന്നെ റിവ്യൂ എടുത്തു. പന്തില്‍ ഒരു വ്യതിചലനം ഉണ്ടായിട്ടുണ്ടെങ്കിലും, സ്‌നിക്കോയില്‍ സ്‌പൈക്ക് ഇല്ലെന്ന് ടിവി റീപ്ലേകള്‍ കാണിച്ചു. ഇതോടെ ജയ്‌സ്വാള്‍ പുറത്തല്ലെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍, ഏവരേയും അത്ഭുതപ്പെടുത്തി, ബംഗ്ലാദേശിയായ മൂന്നാം അമ്പയര്‍ ഷര്‍ഫുദ്ദൗല ഇബ്നെ ഷാഹിദ് സൈകത് തന്റെ തീരുമാനം മാറ്റാന്‍ ഫീല്‍ഡ് അമ്പയറോട് ആവശ്യപ്പെട്ടു.
പന്ത് ഗ്ലൗസിലോ ബാറ്റിലോ തട്ടിയതിന് വ്യക്തമായ തെളിവുകളൊന്നും സ്‌നിക്കോ കാണിച്ചില്ല. എന്നാല്‍, പന്ത് കയ്യുറകളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി എനിക്ക് കാണാമെന്നാണ് മൂന്നാം അമ്പയര്‍ പറഞ്ഞു. ഇതോടെ ഫീല്‍ഡ് അമ്പയര്‍ തന്റെ തീരുമാനം മാറ്റുകയും ചെയ്തു.
യശസ്വി ജയ്സ്വാളിനെ പുറത്താക്കിയ സംഭവത്തില്‍ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരണവുമായെത്തി. സാങ്കേതിക വിദ്യ പരിഗണിക്കാന്‍ തേര്‍ഡ് അമ്പയര്‍ ശ്രദ്ധിക്കണമായിരുന്നു. യശസ്വി ജയസ്വാള്‍ വ്യക്തമായും പുറത്തല്ലെന്നും ശുക്ല വ്യക്തമാക്കി.