ഈ പണി സഞ്ജുവിന് പറഞ്ഞിട്ടുള്ളതല്ലെന്ന് മുന്‍ താരം, ഇനി ദേശീയ ടീമിലെത്തുക എളുപ്പമല്ല


ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മൂന്നു കളികളിലും കാര്യമായി സ്‌കോര്‍ ചെയ്യാത്തതോടെ താരത്തിന്റെ ബലഹീനത തുറന്നുകാട്ടുകയാണ് മുന്‍ താരം ആകാശ് ചോപ്ര
മുംബൈ: ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ 2024ല്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണിന് പുതുവര്‍ഷം മികവോടെ തുടങ്ങാനായില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മൂന്നു കളികളിലും കാര്യമായി സ്‌കോര്‍ ചെയ്യാത്തതോടെ താരത്തിന്റെ ബലഹീനത തുറന്നുകാട്ടുകയാണ് മുന്‍ താരം ആകാശ് ചോപ്ര.
പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ സഞ്ജുവിന് സ്‌കോര്‍ ചെയ്യാനാകുന്നില്ലെന്ന് ചോപ്ര പറഞ്ഞു. പന്തിന്റെ വേഗത മണിക്കൂറില്‍ 140 കിലോമീറ്ററില്‍ കൂടുതലാകുമ്പോള്‍ സഞ്ജുവിന്റെ ശരാശരി ഇടിയുന്നു. ബാക്ഫൂട്ടില്‍ പുള്‍ ഷോട്ടിന് ശ്രമിക്കുന്ന സഞ്ജുവിനെതിരെ ബൗണ്‍സറുകളെറിഞ്ഞ് ഡീപ്പില്‍ പിടികൂടുന്നത് പതിവാകുകയാണ്. പേസ് പിച്ചുകളിലെ ബാറ്റിങ് സഞ്ജുവിന് സാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരമ്പരയിലെ മൂന്നു കളികളിലും ഒരേ രീതിയിലാണ് സഞ്ജു പുറത്തായത്. ഇത് ഒരു ബാറ്ററുടെ കഴിവുകേടായി വിലയിരുത്തപ്പെടുന്നു. മൂന്നാം മത്സരത്തിന് മുന്‍പ് പ്ലാസ്റ്റിക് പന്തുകള്‍ കൊണ്ട് പരിശീലിച്ചിട്ടും ആര്‍ച്ചറുടെ ബൗണ്‍സറുകളെ താരത്തിന് നേരിടാനാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

പരമ്പരയ്ക്ക് മുമ്പുള്ള അഞ്ച് മത്സരങ്ങള്‍ സഞ്ജു മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുണ്ടെന്നത് ചോപ്ര ഓര്‍മിപ്പിച്ചു. പേസ് ബൗളിംഗിനെതിരായ സഞ്ജുവിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. പേസും ബൗണ്‍സും കളിക്കാനറിയില്ലെന്നത് കഴിവ്‌കേടാണെന്നും ചോപ്ര വിലയിരുത്തി.
മൂന്നാം ടി20ക്ക് മുന്നോടിയായി മറ്റ് ഇന്ത്യന്‍ ടീമംഗങ്ങള്‍ പരിശീലനത്തിന് എത്തുന്നതിന് വളരെ മുമ്പ് സഞ്ജു സാംസണ്‍ രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ ഷോട്ട് ബോളുകള്‍ പരിശീലിച്ചിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ മൂന്നു റണ്‍സ് മാത്രമെടുത്ത് പുറത്തായി. ചാമ്പ്യന്‍സ് ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല എന്നത് വിവാദമായിരുന്നു. ഇംഗ്ലണ്ടിനെതിരായ താരത്തിന്റെ പ്രകടനം സെലക്ടര്‍മാരുടെ തീരുമാനം ശരിവെക്കുന്നതാണെന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍.