എഐഎഫ്എഫ് ജോത്സ്യന് നല്‍കിയത് 16 ലക്ഷം രൂപ, അര്‍ജന്റീനയ്ക്ക് ഇന്ത്യയില്‍ കളിക്കാന്‍ പണമില്ല


ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും പിന്‍നിരയിലുള്ള ഫുട്‌ബോള്‍ ഫെഡറേഷനുകളിലൊന്നാണ് ഇന്ത്യയുടേത്. വര്‍ഷാവര്‍ഷം ഫിഫ നല്‍കുന്ന കോടികളും മറ്റു ഫണ്ടുകളും ശരിയായ രീതിയില്‍ വിനിയോഗിക്കാനോ രാജ്യത്ത് ഫുട്‌ബോളിന് വളര്‍ച്ചയുണ്ടാക്കാനോ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് സാധിക്കാറില്ല. ഫെഡറേഷന്റെ പണം പലരുടേയും കീശയിലേക്കാണ് പോകുന്നതെന്ന ആരോപണത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ മറ്റൊരു പിടിപ്പുകേട് കൂടി പുറത്തുവരുമ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ രോഷത്തിലാണ്. ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയെ രാജ്യത്ത് കളിപ്പിക്കാനുള്ള സുവര്‍ണാവസരം എഐഎഫ്എഫ് നഷ്ടമാക്കിയതാണ് ആരാധക രോഷത്തിന് കാരണമായത്. അര്‍ജന്റീനയെ സ്വന്തം രാജ്യത്തെത്തിക്കാന്‍ ആഗ്രഹിക്കുന്ന മറ്റു രാജ്യങ്ങള്‍ മത്സരിക്കുമ്പോഴാണ് ഇങ്ങോട്ട് താത്പര്യം പ്രകടിപ്പിച്ചിട്ടും പണമില്ലെന്ന് പറഞ്ഞ് ഫെഡറേഷന്‍ തള്ളിക്കളഞ്ഞത്.
ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഏറെ പിന്തുണ കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോക ചാമ്പ്യന്മാരായതിന് ശേഷം അര്‍ജന്റീന ഇന്ത്യയില്‍ ഒരു സൗഹൃദ മത്സരം കളിക്കാന്‍ ആഗ്രഹിച്ചു. ഇക്കാര്യം എഐഎഫ്എഫിനെ ഇക്കാര്യം അറിയിച്ചെങ്കിലും ഭാരിച്ച പണച്ചിലവുണ്ടാകുമെന്നും സ്‌പോണ്‍സര്‍മാരെ കണ്ടെത്താനാകില്ലെന്നുമാണ് ഫെഡറേഷന്റെ നിലപാട്.

കോടികള്‍ ധൂര്‍ത്തടിക്കുന്ന ഫെഡറേഷന്‍ ലോക ചാമ്പ്യന്മാര്‍ക്ക് വേദിയാകാനുള്ള സുവര്‍ണാവസരം ഇതിലൂടെ നഷ്ടമാക്കി. ഇന്ത്യന്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ് ഫെഡറേഷന്റെ നിലപാട്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഉയര്‍ച്ചയ്ക്കായി 16 ലക്ഷം രൂപ നല്‍കി എഐഎഫ്എഫ് ജോത്സ്യനെ നിയമിച്ച വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഈ രീതിയില്‍ പണം ധൂര്‍ത്തടിക്കുന്ന ഫെഡറേഷന്‍ എന്തുകൊണ്ടാണ് ഇന്ത്യന്‍ ഫുട്‌ബോളിന് ഊര്‍ജമാകുമായിരുന്ന അര്‍ജന്റീനയെ തഴഞ്ഞത് എന്നാണ് ആരാധകരുടെ ചോദ്യം.
ഏഷ്യയില്‍ രണ്ട് സൗഹൃദ മത്സരങ്ങളാണ് അര്‍ജന്റീന കളിച്ചത്. ചൈനയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിച്ച അര്‍ജന്റീന പിന്നീട് ഇന്തോനേഷ്യയ്‌ക്കെതിരേയും കളിച്ചു. ഈ മത്സരങ്ങളിലൊന്ന് ഇന്ത്യയില്‍ നടക്കുമായിരുന്നു. എന്നാല്‍, പണമില്ലെന്ന കാരണത്താലാണ് ഒഴിവാക്കിയതെന്ന് എഐഎഫ്എഫ് സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരന്‍ വ്യക്തമാക്കി. 2011ല്‍ അര്‍ജന്റീന ഇന്ത്യയില്‍ കളിച്ചിരുന്നു. മെസ്സി ഉള്‍പ്പെടെയുള്ള കളിക്കാര്‍ വിരമിക്കാനിരിക്കെ ഈ കളിക്കാരുടെ പ്രകടനം കാണാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.