റോഡില്‍ വിപ്ലവമായി എഐ ക്യാമറ, 206 വിഐപികളെ പൊക്കി, 7 കോടി രൂപ പിഴ, അപകടങ്ങള്‍ പകുതിയായി


തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്കുശേഷം തുടക്കമിട്ട എഐ ക്യാമറ ഒരു മാസം പിന്നിടുമ്പോള്‍ അപകടങ്ങളും മരണങ്ങളും പകുതിയായി കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു. ആകെ 20,42,542 ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയെന്നും 81,78,000 രൂപ പിഴയിനത്തില്‍ പിരിഞ്ഞു കിട്ടിയതായും അദ്ദേഹം അറിയിച്ചു.
tRootC1469263">പിഴയിടുന്ന നിയമലംഘനങ്ങള്‍ക്ക് ചലാന്‍ അയക്കുന്നതിന്റെ വേഗത കുറഞ്ഞതില്‍ പിഴ മുഴുവനായും ഈടാക്കാനായില്ല. 7 കോടിയിലേറെ രൂപയാണ് പിഴയിനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്നത്. ചലാന്‍ അയക്കുന്നതിന്റെ വേഗം കൂട്ടാന്‍ കെല്‍ട്രോണിനോട് മന്ത്രി നിര്‍ദ്ദേശിച്ചു. അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നിയമം ലംഘിച്ചാല്‍ പിടികൂടുന്നതിനായി എഐ സോഫ്റ്റ്വെയറിലേക്ക് വാഹന വിവരങ്ങള്‍ ചേര്‍ക്കാനും തീരുമാനമായി.

അപകടങ്ങള്‍ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ കൊണ്ടുവന്ന എഐ ക്യാമറ ആദ്യ മാസത്തില്‍ തന്നെ ഫലം ചെയ്‌തെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ജൂണ്‍ മാസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 3714 വാഹനാപകടങ്ങളാണ്. എന്നാല്‍ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഈ ജൂണില്‍ അപകടങ്ങള്‍ 1278 ആയി കുറഞ്ഞു. കഴിഞ്ഞ ജൂണില്‍ 344 പേര്‍ക്ക് നിരത്തുകളില്‍ ജീവന്‍ നഷ്ടമായപ്പോള്‍ ഈ ജൂണില്‍ 140 പേരാണ് മരണപ്പെട്ടത്.
ക്യാമറയില്‍ നിയമലംഘനം കണ്ടെത്തുന്ന വിഐപി വാഹനങ്ങളെ ഒഴിവാക്കുമന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഇത് വിവാദത്തിനും ഇടയാക്കി. എന്നാല്‍, ആദ്യമാസം 206 വിഐപി വാഹനങ്ങളും എഐ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളോടിച്ചതാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍, 73,887. സഹയാത്രികര്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 30,213, കാറിലെ മുന്‍ സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് 57,032, കാര്‍ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് 49,775, മൊബൈല്‍ ഫോണ്‍ ഉപയോഗം 1,846, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിള്‍ റൈഡ് 1,818 തുടങ്ങിയവയാണ് ജൂണ്‍ മാസത്തില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍.
നിരപരാധികള്‍ പിഴ ഒടുക്കേണ്ടി വരുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് സൂക്ഷ്മ പരിശോധനയ്ക്കായി ജില്ലാതല മോനിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കുവാന്‍ റോഡ് സേഫ്റ്റി കമ്മീഷണറെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള കംപ്ലയിന്റ് റിഡ്രസല്‍ ആപ്ലിക്കേഷന്‍ ഓഗസ്റ്റ് 5 മുതല്‍ പ്രാബല്യത്തില്‍ വരും.