ഒരു നീക്കവും മനസിലാക്കാനായില്ല, ചാനലുകളെ ഇളിഭ്യരാക്കി പോലീസ്, കുട്ടിയെ കണ്ടെത്തിയതു മുതല്‍ പ്രതികള്‍ നിരീക്ഷണത്തില്‍


കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചാനലുകളെ ഇളിഭ്യരാക്കി പോലീസ്. പ്രതികളെ പിടിക്കാനാകാത്തത് പോലീസിന് നാണക്കേടെന്നും ഇരുട്ടില്‍ തപ്പുകയാണെന്നും ഒരു തുമ്പും കണ്ടെത്താനായില്ലെന്നും ചാനലുകള്‍ ഇടയ്ക്കിടെ പരിഹസിക്കുമ്പോഴും അന്വേഷണസംഘം ഒരു സൂചനപോലും നല്‍കാതെയാണ് പ്രതികളെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടി കൊല്ലത്ത് എത്തിച്ചത്.
tRootC1469263">ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാര്‍ (52), ഭാര്യ എം.ആര്‍.അനിതകുമാരി (45), മകള്‍ പി.അനുപമ (20) എന്നിവരാണ് കൃത്യം നടത്തിയതെന്ന് കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പോലീസ് സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയശേഷം മതി അറസ്റ്റെന്ന തീരുമാനത്തിലായിരുന്നു അന്വേഷണസംഘം. ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളും പ്രതികളാണെന്നതിനാല്‍ പിഴവുകളില്ലാതെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയതും.

കുട്ടിയില്‍ നിന്നുമാണ് പോലീസിന് തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്. രണ്ട് കാറുകള്‍ ഉപയോഗിച്ചെന്നും ഒന്ന് നീലയാണെന്നും കുട്ടി വെളിപ്പെടുത്തിയിരുന്നു. ആശ്രാമം മൈതാനത്ത് കുട്ടിയെ എത്തിക്കുന്നതിന് മുന്‍പ് സംഘം സഞ്ചരിച്ചത് നീല കാറിലായിരുന്നു. പത്മകുമാറും അനിതാ കുമാരിയും കാറിലെത്തിയശേഷം അനിതാ കുമാരി മാത്രമാണ് പിന്നീട് ഓട്ടോറിക്ഷയില്‍ കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ചത്.
നീല കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്നുതന്നെ പോലീസിന് ലഭിച്ചു. പത്മകുമാറിന് നീല കാര്‍ കൂടാതെ വെളുത്ത കാര്‍ കൂടിയുണ്ടെന്ന് മനസിലാക്കിയതോടെ പ്രതികള്‍ നിരീക്ഷണത്തിലുമായി. പ്രതികള്‍ രക്ഷപ്പെടാതിരിക്കാനാണ് മാധ്യമങ്ങള്‍ക്ക് പോലീസ് ഒരു വിവരവും നല്‍കാതിരുന്നത്. ഒരു തുമ്പുപോലും കിട്ടിയില്ലെന്ന പ്രചരണം പ്രതികളില്‍ ആത്മവിശ്വാസമുണ്ടാക്കി. ഇതിനിടെ ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നും കൂടുതല്‍ വിവരങ്ങളും പോലീസിന് ലഭിച്ചു.
തമിഴ്‌നാട്ടിലേക്ക് പ്രതികള്‍ കടക്കുമ്പോഴും പോലീസ് പിറകെയുണ്ടായിരുന്നു. തമിഴ്‌നാട് പോലീസിന്റെ സഹായവും അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. തെളിവുകളെല്ലാം ശേഖരിച്ചതോടെയാണ് തെങ്കാശിയില്‍വെച്ച് പ്രതികളെ പോലീസ് പിടികൂടുന്നത്. അറസ്റ്റിലാകുന്നതിന് മുന്‍പുതന്നെ ഇവരുടെ ചിത്രങ്ങള്‍ കുട്ടിയെ കാട്ടി സ്ഥിരീകരിച്ചതായും സൂചനയുണ്ട്.
പ്രതികളെ പിടികൂടി പോലീസ് ക്യാമ്പിലെത്തിച്ചശേഷം മാത്രമാണ് മാധ്യമങ്ങള്‍ക്ക് ഇതേക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇതോടെ പ്രതികളെ ചേസ് ചെയ്യാനുള്ള ചാനലുകളുടെ അവസരവും ഇല്ലാതായി. കേസ് അന്വേഷണത്തിന്റെ തുടക്കം മുതല്‍ മാധ്യമങ്ങള്‍ക്ക് കൃത്യമായ വിവരം നല്‍കാതിരിക്കാന്‍ അന്വേഷണസംഘം ശ്രമിച്ചിരുന്നു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത് എങ്ങിനെയെന്നത് സംബന്ധിച്ചും കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള കാരണം എന്താണെന്നത് സംബന്ധിച്ചുമെല്ലാം പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വിശദീകരിക്കുന്നതുവരെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് മേലുദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു.