എരുമപ്പാല്‍ പ്രിയനായ ഉണ്ണിക്കണ്ണന്റെ കേരളത്തിലെ ഒരേ ഒരു ക്ഷേത്രം..

കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ പാൽപ്പായസവും ഉണ്ണിയപ്പവും വെണ്ണയുമാണ് പ്രധാന വഴിപാട്. ഇവയിൽ അമ്പലപ്പുഴ പാൽപ്പായസം ഏറെ പ്രസിദ്ധമാണ്. ഇത് പശുവിൽ പാൽ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.എന്നാൽ പായസമുണ്ടാക്കാൻ എരുമപ്പാൽ നിർബന്ധമായ ഒരു ക്ഷേത്രമുണ്ട് കേരളത്തിൽ.. പത്തനംതിട്ടയിലെ കണ്ണച്ചത്തേവർ ക്ഷേത്രത്തിലാണ് എരുമപ്പാൽ പായസ പ്രിയനായ കണക്കാതെവരുള്ളത്.
പത്തനംത്തിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ എഴുമറ്റൂർ പഞ്ചായത്തിലാണ് കണ്ണച്ചത്തേവര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗുരുവായൂര്‍ ഉള്‍പ്പെടെ കേരളത്തിലെ ചെറുതും വലുതുമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പശുവിന്‍ പാല്‍ ഉപയോഗിച്ച് പാല്‍പ്പായസം തയ്യാറാക്കുമ്പോൾ ഈ ക്ഷേത്രത്തിൽ എരുമപ്പാലിലാണ് പാൽപായസം തയ്യാറാക്കുന്നത്. ഇതിനുപിന്നിലാകട്ടെ രസകരമായ ഒരു ഐതിഹ്യവുമുണ്ട്.
ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഉയര്‍ന്ന ഒരു ഭാഗത്താണ്. ഈ ചെറുകുന്നിന്റെ താഴ്‌വാരത്ത് താമസക്കാരായിരുന്ന കടയ്ക്കല്‍ വീട്ടുകാര്‍ അവിടെയുണ്ടായിരുന്ന വയലില്‍ എരുമയെ മേയാന്‍ കെട്ടുമായിരുന്നു. എന്നാല്‍ വൈകുന്നേരം എരുമയെ വീട്ടിലെത്തിച്ച് കറക്കാന്‍ നോക്കുമ്പോള്‍ പാല് ഉണ്ടാകാറില്ലത്രെ. ഒടുവിൽ എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടെത്താന്‍ വീട്ടിലെ കാരണവര്‍ തീരുമാനിച്ചു.

ഇതിനായി എരുമയെ മേയാൻ വിട്ടശേഷം ആ സ്ഥലത്ത് ഒളിച്ചിരുന്ന കാരണവർ കണ്ടത് എരുമകളുടെ അകിടിൽ നിന്ന് ഒരു ബാലൻ പേഴില കുമ്പിളിൽ പാൽ കറന്ന് കുടിക്കുന്നതാണ്. കാരണവര്‍ ഒരു കല്ലെടുത്ത് എറിഞ്ഞപ്പോള്‍ പയ്യന്‍ പറമ്പിലെ വാഴയ്ക്ക് മറഞ്ഞു നിന്ന് യഥാര്‍ത്ഥ രൂപം കാട്ടിക്കൊടുത്തുവെന്നാണ് പറയപ്പെടുന്നത്. ഇത് കൊണ്ടാണ് ഇവിടെ വര്‍ഷങ്ങളായി കണ്ണച്ചത്തേവര്‍ക്ക് എരുമപ്പാലില്‍ ഉണ്ടാക്കിയ പാല്‍പായസം നിവേദിച്ചു വരുന്നത്.
എഴുമറ്റൂര്‍ നെയ്തല്ലൂര്‍ കോയിക്കല്‍ വകയായിരുന്നു കാണാച്ചത്തെവർ ക്ഷേത്രം. ദശകങ്ങള്‍ക്ക് മുമ്പ് കോയിക്കല്‍ വകയായിരുന്ന ഏലാം മഹാദേവ ക്ഷേത്രവും, പനമറ്റത്ത് കാവ് ദേവി ക്ഷേത്രവും അക്കൂട്ടത്തില്‍ കണ്ണച്ചത്തേവര്‍ ക്ഷേത്രവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുക്കുകയായിരുന്നു.
മറ്റു ക്ഷേത്രങ്ങളിലേതുപോലെയല്ല ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ രൂപം. ഇരുകൈകളിലും വെണ്ണയേന്തി ഓടാനെന്ന ഭാവേന മുന്നോട്ട് ആഞ്ഞു നില്ക്കുന്നപോലെയാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം നിർമിച്ചിരിക്കുന്നത്. അതേസമയം രണ്ട് ശ്രീ കോവിലിൽ ഒരു പോലുള്ള രണ്ട് വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ള ഏക ക്ഷേത്രം കൂടിയാണ് ഇത്.