ഇ പി ജയരാജനെ പരിഹസിച്ച് വിമാന പ്രതിഷേധത്തിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ്
ep
മുഖ്യമന്ത്രിക്കെതിരായ വിമാന പ്രതിഷേധ കേസ് പ്രതിയുമായ ഫർസീൻ മജീദ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇദ്ദേഹത്തിന്‍റെ പ്രതികരണം.

കണ്ണൂര്‍:  ഇന്ന് രാജ് ഭവനില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ വിമാനയാത്രാ വിലക്ക് പരാമര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രസ്താവന ആയുധമാക്കി എല്‍ഡിഎഫ് കണ്‍വീനറെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവും, മുഖ്യമന്ത്രിക്കെതിരായ വിമാന പ്രതിഷേധ കേസ് പ്രതിയുമായ ഫർസീൻ മജീദ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇദ്ദേഹത്തിന്‍റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

സഖാവ് ഇ.പി യോട് ഏറെ സ്നേഹത്തോടെ അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ഫർസിൻ എഴുതുന്നത്...
നമ്മൾ മാത്രം ഉൾപ്പെട്ട ഒരു വിഷയത്തിൽ അങ്ങയെ ആ കാര്യോം പറഞ്ഞുകൊണ്ട് ബഹു.കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അപമാനിക്കാൻ ശ്രമിച്ചത് എനിക്ക് ഏറെ വേദന ഉണ്ടാക്കി.
നമ്മൾ രണ്ടുപേരുടെയും വിലക്ക് നിലവിൽ കഴിഞ്ഞു എന്നുള്ളത് പോലും ഈ മനുഷ്യൻ മനസിലാക്കിയിട്ടില്ല. ഒരു പക്ഷെ അങ്ങ് ഇനി ഇൻഡിഗോ വിമാനത്തിൽ കയറുന്നേ ഇല്ലാ എന്ന് സ്വയം എടുത്ത തീരുമാനം കേട്ട് തെറ്റിദ്ധരിച്ചതാവും.

എന്തൊക്കെ പറഞ്ഞാലും അകെ 2-3ആഴ്ച്ചകൾ  മാത്രം വിലക്ക് കിട്ടിയ തെറ്റേ നമ്മൾ ചെയ്തുള്ളൂ എന്നുള്ളത് നമുക്ക് അറിയാലോ..! ഈ ഗവർണർ പദവി തന്നെ വേണ്ടാത്ത പദവി ആണെന്ന് സഖാവ് പറഞ്ഞതാവും ഇതൊക്ക ഇങ്ങനെ വിളിച്ചു പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.  മനസ്സിൽ ഒന്നും വെക്കാത്ത ആളാണ് സഖാവ് എന്ന് എനിക്കല്ലേ അറിയൂ..☺️
എന്തൊക്കെ അയാലും ഈ പോണവരും വരണവരും ഒക്കെ അങ്ങയെ ആ വിമാനോം പറഞ്ഞ് അപമാനിക്കുന്നതിൽ എന്നോട് ഒന്നും തോന്നരുത്.

ഇനിയെങ്ങിലും സഖാവ് ആ വിമാനത്തിൽ കയറി ഒന്ന് യാത്ര ചെയ്ത് അപമാനിക്കുന്നവർക്ക് മറുപടി നൽകണം എന്നാണ് എന്റെ അഭിപ്രായം. പിന്നൊരു സത്യം കൂടി പറയട്ടെ..അങ്ങ് കയറാത്ത വിമാനത്തിൽ എനിക്കും കയറാൻ ഒരു മടി പോലെ..ഞാനും പിന്നെ കയറീട്ടില്ല..! ഇതൊക്കെ ഒന്ന് കെട്ടടങ്ങുമെങ്കിൽ ഒന്നിച്ചുള്ള ഒരു ഇൻഡിഗോ യാത്രയ്ക്ക് പോലും ഞാൻ തയ്യാറാണ്.
എന്ന് - മറുപടി നൽകുമെന്ന പ്രതീക്ഷയോടെ അങ്ങയുടെ പ്രിയപ്പെട്ട ഫർസിൻ മജീദ്

Share this story