കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം ; നാട്ടുകാരുടെ ആവശ്യങ്ങളില്‍ ഉറപ്പ് നല്‍കി ജില്ലാ കളക്ടര്‍

elephant attack
elephant attack

അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു

കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധത്തിനൊടുവില്‍ നാട്ടുകാരുടെ ആവശ്യങ്ങളില്‍ ഉറപ്പ് നല്‍കി ജില്ലാ കളക്ടര്‍.  പ്രതിഷേധം തുടങ്ങി ഏഴ്  മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് നഷ്ടപരിഹാരമടക്കമുള്ള കാര്യത്തിലടക്കം നാട്ടുകാര്‍ക്ക് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയത്. അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു. ഇതില്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധം താല്‍ക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിച്ചത്.

നാട്ടുകാര്‍ ആവശ്യപ്പെട്ട പ്രകാരം ട്രഞ്ചുകളുടെ നിര്‍മാണം ഇന്ന് തന്നെ തുടങ്ങും. പ്രദേശത്ത് വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കാനുള്ള നടപടികളും ഇന്ന് മുതല്‍ തന്നെ ആരംഭിക്കും. സോളാര്‍ ഫെന്‍സിങ്ങിന്റെ ജോലികള്‍ 21ന് ആരംഭിക്കും. തൂക്ക് സോളാര്‍ വേലി സ്ഥാപിക്കും. ഉറപ്പുനല്‍കിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ നേരിട്ടെത്തി  27ന് അവലോകന യോഗം ചേരുമെന്നും കളക്ടര്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് മുന്നിലെത്തി ഉറപ്പുനല്‍കി.

തുടര്‍ന്ന് മൃതദേഹം അപകടം നടന്ന സ്ഥലത്തുനിന്നും കോതമംഗലം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

Tags