വ്യവസായി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ
business

മൂന്നാർ : വ്യവസായി ആണെന്നു തെറ്റിദ്ധരിപ്പിച്ച് വൻതുക തട്ടിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. മണ്ണാർക്കാട് കണ്ടമംഗലം ചോലക്കൽ എ.കുഞ്ഞുമുഹമ്മദ്‌ (31) ആണ് പിടിയിലായത്. മൂന്നാർ എസ്എച്ച്ഒ കെ.പി.മനേഷും സംഘവും മലപ്പുറത്തുനിന്നാണു പ്രതിയെ പിടികൂടിയത്. മൂന്നാറിലെ മൊബൈൽ സ്ഥാപന ഉടമയായ ജുനൈദ് റഹ്‌മാന്റെ പരാതിയിലാണ് അറസ്റ്റ്.

പൊലീസ് പറയുന്നത്: കഴിഞ്ഞ ഡിസംബറിൽ ആഡംബര കാറിൽ പല തവണ കടയിലെത്തിയാണ് ഇയാൾ ജുനൈദുമായി സൗഹൃദം സ്ഥാപിച്ചത്. പള്ളിവാസലിൽ റിസോർട്ട് വാങ്ങാൻ വന്നതാണെന്നു പറഞ്ഞ് ഒന്നേകാൽ ലക്ഷം രൂപയുടെ മൊബൈൽ ആവശ്യപ്പെട്ടു. ഇയാളുടെ കൈവശമുള്ള 2 മൊബൈലുകൾ പകരം തരാമെന്നും കടയിലെ മൊബൈലും 30,000 രൂപയും നൽകണമെന്നുമായിരുന്നു ഡിമാൻഡ്. ജുനൈദ്  മൊബൈലും പണവും കൈമാറി. മൊബൈലുകൾ ഹോട്ടൽ മുറിയിൽ നിന്നെടുത്ത് മാനേജർ വശം കൊടുത്തയയ്ക്കാമെന്നു പറഞ്ഞെങ്കിലും കുഞ്ഞുമുഹമ്മദ് പിന്നീടു മുങ്ങി.

പള്ളിവാസലിലെ ഒരു റിസോർട്ട് വാങ്ങാമെന്നു വാഗ്ദാനം ചെയ്ത് കുഞ്ഞുമുഹമ്മദ് ഭാര്യയ്ക്കും മകനുമൊപ്പം 92 ദിവസം അവിടെ താമസിച്ചതായും വാടകയിനത്തിൽ 2.91 ലക്ഷം രൂപ നൽകാനുള്ളതായും പൊലീസ് പറയുന്നു. രാജാക്കാട് ഏലം എസ്റ്റേറ്റ് വാങ്ങാനെന്ന പേരിൽ ഇടനിലക്കാരനെ കബളിപ്പിച്ച് 5 ലക്ഷവും തട്ടി.

എസ്ഐ ഷാഹുൽ ഹമീദ്, ഗ്രേഡ് എസ്ഐ കെ.ഡി.ചന്ദ്രൻ, സിപിഒമാരായ വേണുഗോപാൽ പ്രഭു, ടോണി ചാക്കോ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.  പ്രതിയെ ദേവികുളം കോടതി റിമാൻഡ് ചെയ്തു.
 

Share this story