ഒറ്റപ്പെടുന്ന മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം: വനിതാകമ്മീഷൻ അംഗം

Protection of lonely senior citizens is society's responsibility: Member of Women's Commission
Protection of lonely senior citizens is society's responsibility: Member of Women's Commission

 ഇടുക്കി: ഒറ്റപ്പെട്ടുകഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സമൂഹം ഏറ്റെടുക്കേണ്ടതുണ്ടെന്ന് വനിതാകമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. കുമിളി വ്യാപാരഭവനില്‍ നടന്ന ഇടുക്കി ജില്ലാതല വനിതാ കമ്മീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. 

മുതിര്‍ന്ന സ്ത്രീകളുടെ പരാതി പരിഗണിച്ചാണ് കമ്മീഷൻ്റെ വിലയിരുത്തൽ. പരാതിക്കാരിൽ ചിലര്‍ വിധവകളും മക്കളില്ലാത്തവരുമാണ്. മറ്റുള്ളവർക്കൊപ്പം മക്കളുമില്ല. ഇത്തരം സാഹചര്യങ്ങളിലുണ്ടാവുന്ന ഒറ്റപ്പെടൽ അവരുടെ മാനസിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതായി വനിതാ കമ്മീഷന്‍ പറഞ്ഞു.
 
 സാമൂഹിക പ്രശ്‌നമായി കണ്ട് ഇക്കാര്യത്തിൽ പരിഹാരം കാണമെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. ജാഗ്രതാ സമിതികള്‍ ഈ വിഷയം ഗൗരവത്തിലെടുക്കണം. കൂട്ടായ ആലോചനകളിലൂടെ ക്രിയാത്മകമായ പരിഹാരം കണ്ടെത്തണം.

ഭൂമി സംബന്ധമായതും അതിരു തര്‍ക്കവുമായി ബന്ധപ്പെട്ട അയല്‍വാസികളുടെ കലഹങ്ങളും അദാലത്തില്‍ പരാതിയായി എത്തി. ആകെ 48 കേസുകളാണ് പരിഗണിച്ചത്. 13 പരാതികളില്‍ പരിഹാരം കണ്ടു. അഞ്ച് കേസുകളില്‍ റിപ്പോര്‍ട്ട് തേടി. ഒരു കേസ് ജില്ലാ നിയമ സഹായ അതോറിറ്റിക്ക് അയച്ചതായും വനിതാ കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു.
 

Tags