ബസ് സർവീസ് കാത്തു നിൽക്കാതെ നൂറ് കണക്കിന് തീർത്ഥാടകർ നിലയ്ക്കലിൽ നിന്നും കാൽ നടയായി സന്നിധാനത്തേക്ക് എത്തി
11 മണിയോടെ തന്നെ പമ്പതീരം തീർത്ഥാടകരെ കൊണ്ട് നിറഞ്ഞിരുന്നു. ഇതോടെ 11.30 മുതൽ തീർത്ഥാടകരെ മല ചവിട്ടാൻ അനുവദിച്ചു.
ശബരിമല : ബസ് സർവീസ് ആരംഭിക്കാൻ കാത്തു നിൽക്കാതെ നൂറ് കണക്കിന് തീർത്ഥാടകർ നിലയ്ക്കലിൽ നിന്നും കാൽ നടയായി സന്നിധാനത്തേക്ക് എത്തി. മകരവിളക്കിനോട് അനുബന്ധിച്ച് നട തുറക്കുന്നതും കാത്ത് ഞായറാഴ്ച ഉച്ച മുതൽക്കേ ഇതര സംസ്ഥാനങ്ങളിൽ നിന്നും സ്വകാര്യ വാഹനങ്ങളിൽ എത്തിയ തീർത്ഥാടകർ നിലയ്ക്കലിൽ തമ്പടിച്ചു തുടങ്ങിയിരുന്നു..
ഇവരാണ് നട തുറന്ന തിങ്കളാഴ്ച രാവിലെ മുതൽ 23 കിലോമീറ്ററോളം ദൂരമുള്ള പമ്പയിലേക്ക് ചെറു സംഘങ്ങളായി കാൽനട യാത്ര തുടങ്ങിയത്. നടന്നു നീങ്ങിയവരിൽ ഏറെ പേർ പത്തനംതിട്ട , എരുമേലി എന്നിവിടങ്ങളിൽ നിന്നും എത്തിയ കെ എസ് ആർ ടി സി ബസുകൾ തടഞ്ഞു നിർത്തി പമ്പയിൽ എത്തി.
ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടും എന്ന അറിയിപ്പിൻ്റെ ഭാഗമായി രാവിലെ പത്തര മുതലാണ് നിലയ്ക്കലിൽ നിന്നും കെ. എസ്. ആർ.ടി.സി ചെയിൻ സർവീസ് ആരംഭിച്ചത്. 11 മണിയോടെ തന്നെ പമ്പതീരം തീർത്ഥാടകരെ കൊണ്ട് നിറഞ്ഞിരുന്നു. ഇതോടെ 11.30 മുതൽ തീർത്ഥാടകരെ മല ചവിട്ടാൻ അനുവദിച്ചു.