ഭർതൃമതിയായ യുവതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി


കണ്ണൂർ : ഭർതൃമതിയായ യുവതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു.കഴിഞ്ഞ ദിവസം വളപട്ടണം പുഴയിൽ ചാടിയ കാസർകോട് ബേക്കൽ പെരിയാട്ടടുക്കം സ്വദേശി രാജുവിന്റെ (രാജേഷ് –39) മൃതദേഹമാണ് ബുധനാഴ്ച രാവിലെ പഴയങ്ങാടി മാട്ടൂല്‍ കടപ്പുറത്ത് കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കളാണ് മൃതദേഹം രാജുവിന്റേതാണെന്നു തിരിച്ചറിഞ്ഞത്.
കമിഴ്ന്ന് കിടന്ന നിലയിൽ കാണപ്പെട്ട മൃതദേഹത്തിൽ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞായറാഴ്‌ച രാവിലെയാണ് രാജുവിനെയും ഭർതൃമതിയായ യുവതിയെയും പെരിയാട്ടടുക്കത്തു നിന്നു കാണാതായത്. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ യുവതിയെ വളപട്ടണം പുഴയിൽ നിന്നു പരിസരവാസികൾ രക്ഷപ്പെടുത്തിയിരുന്നു. വിവരമറിഞ്ഞ് ബേക്കൽ പൊലീസെത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നു. താനും രാജുവും ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നു ഇറങ്ങിയതാണെന്നും പിന്നീട് പള്ളിക്കര റെയില്‍വെ സ്റ്റേഷനില്‍ നിന്നു ട്രെയിന്‍ മാര്‍ഗ്ഗം വളപട്ടണത്ത് എത്തിയെന്നും യുവതി പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

രാത്രി 12 മണിയോടെ താനും രാജുവും പുഴയില്‍ ചാടിയെന്നും മൊഴിയില്‍ പറഞ്ഞിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിനു വിടുകയും യുവതി ഭര്‍ത്താവിനൊപ്പം പോവുകയും ചെയ്തു. ഇതിനിടയില്‍ രാജുവിനെ കാണാനില്ലെന്നു കാണിച്ച് വീട്ടുകാര്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം മാട്ടൂല്‍ കടപ്പുറത്ത് കണ്ടെത്തിയത്. രാജുവിന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.