വൈദ്യുതി ചാർജ് വർധന: സർക്കാരിന്റേത് കുത്തകകളെ സഹായിക്കുന്ന നിലപാട് : വെൽഫെയർ പാർട്ടി
വള്ളുവമ്പ്രം: നിത്യോപയോഗ സാധനങ്ങളുടെ വിലവർധന മൂലം പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ഇപ്പോഴത്തെ വൈദ്യുതി ചാർജ് വർധന കൂടി താങ്ങാൻ കഴിയില്ലെന്നും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി വാങ്ങാതെയും കുടിശ്ശിക പിരിക്കാതെയും കുത്തകകളെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ പറഞ്ഞു. ജനജീവിതം ദുസ്സഹമാക്കി അന്യായമായി വൈദ്യുതി ചാർജ് വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ വെൽഫെയർ പാർട്ടി പൂക്കോട്ടൂർ, മൊറയൂർ പഞ്ചായത്ത് കമ്മിറ്റികൾ സംയുക്തമായി നടത്തിയ കെഎസ്ഇബി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് പ്രസിഡണ്ട് അഹ്‌മദ് ശരീഫ്, ട്രഷറർ അഹ്‌മദ് ആലശ്ശേരി, ജോയിന്റ് സെക്രട്ടറി വീരാൻകുട്ടി മണ്ണിശ്ശേരി, പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എൻ ഇബ്‌റാഹിം മാസ്റ്റർ, സെക്രട്ടറി എൻഎം ഹുസൈൻ, ട്രഷറർ അബ്ദുന്നാസർ കെ, വൈസ് പ്രസിഡണ്ടുമാരായ മഠത്തിൽ സുലൈമാൻ മാസ്റ്റർ, സാജിത ടി, ജോയിന്റ് സെക്രട്ടറിമാരായ ഷഫീഖ് അഹ്‌മദ്, താഹിറ പി തുടങ്ങിയവർ നേതൃത്വം നൽകി.