കരംശീട്ടുപോലൊരു കല്യാണക്കുറി; വൈറലായി വില്ലേജ് അസിസ്റ്റന്റിന്റെ കല്ല്യാണക്കത്ത്

marriage
marriage

ആലപ്പുഴ:കല്യാണം കളറാക്കുന്നതു പോലെ തന്നെ കല്യാണക്കുറിയിലും വെറൈറ്റി പിടിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ തലമുറ. വില്ലേജ് അസിസ്റ്റന്റായ ഭജലാല്‍ കല്യാണക്കുറിയടിച്ചത് ഭൂനികുതിയടയ്ക്കുന്ന രസീതിന്റെ മാതൃകയിലാണ്. 

സര്‍ക്കാര്‍ മുദ്രയ്ക്കുപകരം കല്യാണക്കുറിയില്‍ ഗണപതിയുടെ ചിത്രമാണ്. ബാക്കിയെല്ലാം നികുതിശീട്ടു പോലെതന്നെ. ചടങ്ങ്, നേരം, സമയം, സ്ഥലം, വിശദാംശങ്ങള്‍ എന്നിങ്ങനെ കല്യാണത്തിന്റെ വിവരങ്ങളെല്ലാം ആ മാതൃകയില്‍. വരന്റെ ജില്ല, താലൂക്ക്, വില്ലേജ് എന്നിവയും ഉള്ളടക്കമായി രണ്ടു ചടങ്ങുകളും കൊടുത്തിട്ടുണ്ട്. ഒന്ന് വിവാഹം. രണ്ട് സത്കാരം.

'വരന്‍, വധു എന്നിവരുടെ വിവരങ്ങള്‍' എന്ന വിവരണത്തോടെ വധൂവരന്‍മാരുടെ മാതാപിതാക്കളുടെ വിവരവും നല്‍കിയിരിക്കുന്നു. വിവാഹസത്കാര വേദി ക്യു.ആര്‍. കോഡായും കൊടുത്തിട്ടുണ്ട്. 'ഈ കത്ത് വിവാഹം ക്ഷണിക്കുന്ന ആവശ്യത്തിനായി ഓണ്‍ലൈന്‍ സംവിധാനം മുഖേന തയ്യാറാക്കി ലഭ്യമാക്കുന്നതിനാല്‍ ഒപ്പ് ആവശ്യമില്ല' എന്ന റവന്യൂ സ്‌റ്റൈല്‍ അറിയിപ്പും കത്തിന്റെ അവസാനമുണ്ട്.

എറണാകുളം പള്ളൂരുത്തി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഭജലാല്‍, ചേര്‍ത്തല തണ്ണീര്‍മുക്കം കണ്ണങ്കര കാട്ടിപ്പറമ്പില്‍ ഭക്തവത്സലന്റെയും സി.കെ. ഓമനയുടെയും മകനാണ്. വെള്ളിയാകുളം ഗവ. യു.പി. സ്‌കൂള്‍ അധ്യാപികയായ വധു ആതിരാ വിനോഷ്, ചേര്‍ത്തല സി.എം.സി. 21-ല്‍ പി. വിനോഷിന്റെയും എം.ആര്‍. ഉഷാകുമാരിയുടെയും മകളാണ്. നാളെയാണ് ഇവരുടെ വിവാഹം.

Tags