വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യ ; ദുരൂഹത തുടരുന്നു
ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റയും ആത്മഹത്യയുടെ കാരണം എന്താണെന്നതില്‍ ഇനിയും വ്യകതത വന്നിട്ടില്ല.
വയനാട്ടില്‍ ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യയില്‍ ദുരൂഹത തുടരുന്നു. ആത്മഹത്യയുടെ കാരണം കണ്ടെത്തുന്ന തെളിവുകളിലേക്ക് എത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവം വലിയ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കൂടി വഴി വെച്ച സാഹചര്യത്തില്‍ അന്വേഷണം വേഗം പൂര്‍ത്തിയാകുമെന്നാണ് കുടുംബത്തിന്റേയും പ്രതീക്ഷ. ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റയും ആത്മഹത്യയുടെ കാരണം എന്താണെന്നതില്‍ ഇനിയും വ്യകതത വന്നിട്ടില്ല.
സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന രാഷ്ട്രീയ ആരോപണങ്ങളാണ് സജീവമായി നിലനില്‍ക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് അന്വേഷണസംഘത്തില്‍ നിന്ന് സൂചനകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് എന്‍.എം വിജയനും 38 കാരനായ മകന്‍ ജിജേഷും വീടിനുള്ളില്‍ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബാഗങ്ങള്‍ അമ്പത്തലത്തില്‍ പോയപ്പോഴായിരുന്നു കീടനാശിനി കഴിച്ചുള്ള ആത്മഹത്യ ശ്രമം. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ മുന്‍പ് ഒരു അപകടത്തില്‍പ്പെട്ട് നാളുകളായി കിടപ്പിലായിരുന്നു.
ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന തട്ടിപ്പിലൂടെ ഉണ്ടായ സാന്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ആരോപിക്കുന്ന സിപിഎം, ഇതിന് പിന്നില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ആണെന്ന് കുറ്റപ്പെടുത്തുന്നു. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവും നടക്കുന്നുണ്ട്.