വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവം ; സിപിഐഎം പ്രതിഷേധത്തിലേക്ക്

death
death

ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് സിപിഐഎമ്മിന്റ പ്രധാന ആവശ്യം.

വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഐഎം പ്രതിഷേധത്തിലേക്ക്. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ യ്‌ക്കെതിരെ ആരോപണം ഉയരുന്ന പശ്ചാത്തലത്തില്‍ എംഎല്‍എ ഓഫീസിലേക്ക് തിങ്കളാഴ്ച സിപിഐഎം മാര്‍ച്ച് നടത്തും. ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് സിപിഐഎമ്മിന്റ പ്രധാന ആവശ്യം.

 കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഐസി ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയെന്നുള്ള വിവരമാണ് പുറത്തുവരുന്നത്.

നിയമനം ലഭിക്കാതായതോടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ എം വിജയന്‍ കെപിസിസി അധ്യക്ഷന് കത്തയച്ചിരുന്നു. ഇതിലടക്കം സമഗ്ര അന്വേഷണം വേണമെന്നും സിപിഐഎമ്മിന്റെ ആവശ്യം.

വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്നു എന്‍ എം വിജയന്‍. നീണ്ടകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരേയും വിഷം കഴിച്ച് വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.ചികിത്സയിലിരിക്കേ ഇരുവരും മരിച്ചു.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നാണ് പൊലീസിന്റെ വിശദീകരണം.

Tags