രക്ഷാദൗത്യത്തിന് കൂലി, അതൊന്നും സേവനമായിരുന്നില്ല ; വയനാട്ടിൽ എയർലിഫ്റ്റിന് ചെലവായ തുക കേരളം ‌തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം

wayanad airlift
wayanad airlift

തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടലിൽ കേരളത്തിന് നൽകിയ സേവനത്തിന് കണക്ക് പറഞ്ഞ് കേന്ദ്രസർക്കാർ. ദുരന്തങ്ങളിൽ എയർലിഫ്റ്റിന് ചെലവായ തുക കേരളം ‌തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 2019ലെ പ്രളയം മുതൽ മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനം വരെയുള്ളതിന്റെ തുകയാണ് അടയ്ക്കേണ്ടത്.

ജൂലായ് 30 മുതൽ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം എന്നിവയ്ക്ക് 13.65 കോടിയാണ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

മുണ്ടക്കൈ ദുരന്തം നടന്ന് നാലര മാസമായിട്ടും യാതൊരു സാമ്പത്തിക സഹായവും കേരളത്തിന് കേന്ദ്രത്തിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യം നിലനിൽക്കെയാണ് രക്ഷാപ്രവർത്തനത്തിന് കൂലി ചോദിച്ച് കേന്ദ്രം രം​ഗത്തെത്തിയിരിക്കുന്നത്.

എത്രയും പെട്ടെന്ന് തുക അടക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു. 2019ലെ പ്രളയത്തിലും വയനാട് ഉരുൾ പൊട്ടലിലും വ്യോമസേന എയർലിഫ്റ്റിങ് സേവനം നൽകിയിരുന്നു. എസ്ഡിആർഎഫിന്റെ നീക്കിയിരിപ്പിൽ നിന്നാണ് വലിയ തുക കേന്ദ്രം തിരിച്ചുചോദിക്കുന്നത്.

പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിന് നേരത്തേ പ്രതിരോധ മന്ത്രാലയം പണം ആവശ്യപ്പെട്ടിരുന്നു. അന്ന് നൂറുകോടിയോളം രൂപ സംസ്ഥാനം നൽകിയിരുന്നു. മറ്റു പല സമയങ്ങളിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ആകത്തുകയാണ് അവർ ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം, ദുരന്താനന്തര ആവശ്യങ്ങളുടെ അവലോകന റിപ്പോർട്ട് (പി.ഡി.എൻ.എ.) നൽകാൻ കേരളം വൈകിയതിനാലാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തതെന്നാണ് കേന്ദ്ര നിലപാട്.

Tags