ജലവിതരണം യുദ്ധകാല അടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കണം: കെ.സി.വേണുഗോപാല്‍ എംപി

KC Venugopal

പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി എത്രയും വേഗം ചേര്‍ത്തല നഗരസഭയിലേയും സമീപത്തെ ആറുപഞ്ചായത്തിലേയും മുടങ്ങിയ ജലവിതരണം പുനഃസ്ഥാപിപ്പിക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി. അറ്റകുറ്റപണികൾ അടിയന്തരമായി പൂർത്തിയാക്കി ജലവിതരണം സാധാരണ നിലയിലാക്കാൻ അടിയന്തര ഇടപെടൽ തേടി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് എം.പി. കത്തു നൽകി.

ചേര്‍ത്തല നഗരസഭയക്ക് പുറമെ, പള്ളിപ്പുറം,ചേര്‍ത്തല തെക്ക്,തണ്ണീര്‍മുക്കം,മുഹമ്മ,കഞ്ഞിക്കുഴി,മാരാരിക്കുളം വടക്ക് പഞ്ചായത്തുകളിലായി 80000ത്തോളം കുടുംബങ്ങള്‍ക്കാണ് വെള്ളം കുടിമുട്ടിയത്. തുടര്‍ച്ചയായി പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങുന്നത് ഇവിടെത്തെ ജനജീവിതം ദുസ്സഹമാക്കി.ശുദ്ധജലം വിതരണം മുടങ്ങിയതോടെ ഈ പ്രദേശവാസികള്‍ മറ്റിടങ്ങളിലേക്ക് താമസം മാറ്റുന്ന സാഹചര്യമാണ്.

പള്ളിപ്പുറം, പാണാവള്ളി ഭാഗങ്ങളിൽ പ്രധാന പൈപ്പ് പൊട്ടിയിട്ട് അഞ്ച് ദിവസം ജലവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയില്ല.യുദ്ധകാല അടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി തീര്‍ത്ത് ജലവിതരണം പുനഃസ്ഥാപിക്കുന്നതിൽ ഉണ്ടായ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഈ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയത്. ജനം പ്രതിഷേധിക്കുമ്പോള്‍ മാത്രമാണ് ഉദ്യോഗസ്ഥതലത്തിലുള്ള ഇടപെടലുണ്ടാകുന്നത്. കരാറുകാരുടെ പേരില്‍ കുറ്റം ചുമത്തി തടിതപ്പാനുള്ള ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാര്‍ഹമാണ്. എത്രയും വേഗം ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്താനുള്ള നടപടി സ്വീകരിക്കണമെന്നും കെ.സി.വേണുഗോപാല്‍ കത്തിൽ ആവശ്യപ്പെട്ടു.

Tags