മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ഇരിക്കൂർ സ്വദേശിയായ പിതാവ് കാറിടിച്ചു മരിച്ചു

accident pallikkara

കണ്ണൂർ: കണ്ണൂർ - കാസർകോട്  ദേശീയപാതയിലെ പള്ളിക്കര റെയിൽവേ മേൽപാലത്തിൽ ബൈക്കിന് പിറകെ കാർ ഇടിച്ച് ബൈക്ക് യാത്രികനായ പിതാവ് മരിച്ചു. മകന് ഗുരുതരമായി പരുക്കേറ്റു.. തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ബസിലെ ഡ്രൈവർ ഇരിക്കൂർ നിലാമുറ്റം മഖാമിന് സമീപം എട്ടക്കയം സ്വദേശി കെ.വി.ഹുസൈൻ കുട്ടി(59)യാണ് മരണപ്പെട്ടത്. 

മകൻ ഫൈസലിനെ (29) ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  തിങ്കളാഴ്ച്ച പുലർച്ചെ  12.30 മണിയോടെ പള്ളിക്കര മേൽപ്പാലത്തിലാണ് അപകടത്തിൽപ്പെട്ടത്.മംഗ്ലൂരിലെ ബന്ധുവിൻ്റെ മരണവീട്ടിൽ പോയി തിരിച്ചു വരവെയായിരുന്നു അപകടം. ഇടിച്ചകാർ നിർത്താതെ പോയി. പ്രവാസിയായ ഹുസൈൻ കുട്ടി നാട്ടിൽ തിരിച്ചെത്തിയ ശേഷം തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്കിലുണ്ടായിരുന്ന മകൻ ഫൈസൽ കഴിഞ്ഞ മാസം 26 ന് ആണ് കർണ്ണാടക മടിക്കേരി സ്വദേശിനിയെ വിവാഹം ചെയ്തത്.വാഹനഅപകടത്തെ തുടർന്ന് പരിക്കേറ്റ ഇരുവരെയും അതുവഴി വന്ന വാഹനയാത്രക്കാരും നാട്ടുകാരുമാണ് ആശുപത്രിയിലെത്തിച്ചത്. യാത്രാമധ്യേ ഹുസൈൻ കുട്ടി മരണപ്പെട്ടു. ഭാര്യ: എ.പി.സൈബുന്നീസ .മക്കൾ: ഫാസില, പഫ്സീന, ഫസലത്തുന്നീസ, ഫൈസൽ. മരുമക്കൾ: റാസിക്, മുഫീർ, ഹാഷിർ ,ഹഷുറ. സഹോദരങ്ങൾ: ഹാരിസ്, സാബിത്ത് ,ആയിഷ, ഖദീജ, റഹ്മത്ത്, സുബൈദ, സെറീന, റാബി, മറിയം .നീലേശ്വരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

അതേ സമയം പിതാവ്മരണപ്പെടുകയും സഹയാത്രികനായ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അപകടം വരുത്തി നിർത്താതെ പോയ കാർ തിങ്കളാഴ്ച്ചഉച്ചയോടെ നീലേശ്വരം പോലീസ് കണ്ടെത്തി.നീലേശ്വരം ബങ്കളത്തെവർക്ക് ഷോപ്പിൽ സൂക്ഷിച്ച നിലയിലാണ് പോലീസ് കാർ കണ്ടെത്തിയത്.ഇരിക്കൂർ സ്വദേശികളെ ഇടിച്ചിട്ടശേഷം കടന്നുകളഞ്ഞ കെ .എൽ.13.എഫ്. 8334 നമ്പർ മാരുതി സെൻ കാറാണ് വർക്ക്ഷോപ്പിൽ നിന്ന് പിടികൂടിയത്.കാർ ഓടിച്ചകാഞ്ഞങ്ങാട് മാവുങ്കാൽ സ്വദേശിയായ ടിപ്പർ ഡ്രൈവർ ഋഷികേശിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.അപകടത്തെ തുടർന്ന് കാർ വർക്ക്ഷോപ്പിൽ കയറ്റിയിട്ട് ഇയാൾ സ്ഥലം വിടുകയായിരുന്നു. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കാറോടിച്ചയാൾക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

Tags