പകുതിവിലയ്ക്ക് സ്‌കൂട്ടര്‍: തട്ടിപ്പിനിരയായി സന്നദ്ധ സംഘടനകളും


പാലക്കാട്: പകുതിവിലയ്ക്ക് ഇരുചക്രവാഹനവും ലാപ്‌ടോപ്പും നല്‍കാമെന്ന വാഗ്ദാനത്തില്‍ കുടുങ്ങി തട്ടിപ്പി നിരയായതില്‍ ജില്ലയിലെ പത്തിലേറെ സന്നദ്ധ സംഘടനകളും. ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കടമ്പഴിപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.സി, കര്‍ഷക സംഘടനയായ എസ്.ഒ.എഫ്.പി.സി.ഒ, അനുബന്ധ സംഘടനയായ ആവിഷ്‌കാര്‍ തുടങ്ങിയവയും പലഘട്ടങ്ങളിലായി 653 സ്‌കൂട്ടറുകള്‍ക്കായി പണമടച്ചു. ഇതില്‍ 173 സ്‌കൂട്ടറുകള്‍ ലഭിച്ചു. 450 സ്‌കൂട്ടറുകള്‍ ഗുണഭോക്താക്കള്‍ക്ക് ഇനിയും ലഭിക്കാനുണ്ട്.
പണം നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും സ്‌കൂട്ടര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ സി.എസ്.ആര്‍ ഫണ്ട് മുടങ്ങിയിരിക്കയാണെന്ന മറുപടിയാണ് അനന്തുകൃഷ്ണനില്‍ നിന്ന് ലഭിച്ചതെന്നാണ് സംഘടനകളുടെ ഭാരവാഹികള്‍ പറയുന്നത്. നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അലനല്ലൂര്‍ ഭാഗങ്ങളിലും തയ്യല്‍ മെഷീന്‍ ആവശ്യപ്പെട്ട് നിരവധി ആളുകള്‍ പണം അടച്ചിട്ടുണ്ട്. കുറച്ച് ആളുകള്‍ക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. ലാപ്‌ടോപ്പിന് പണം അടച്ചവരുമുണ്ട്.
വിവിധ പ്രദേശങ്ങളില്‍ സൊസൈറ്റികള്‍ക്ക് രൂപം നല്‍കി കോര്‍ഡിനേറ്റര്‍മാരെ നിയോഗിച്ച് അവര്‍ വഴിയാണ് പദ്ധതിയിലേക്ക് ആളുകളെ ചേര്‍ത്തതെന്നും പണം പിരിച്ചതെന്നുമാണ് വിവരം. സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ഗൃഹോപകരണങ്ങള്‍ എന്നിവ പകുതി വിലയ്ക്ക് നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വിവിധ ഏജന്‍സികള്‍, സൊസൈറ്റികള്‍, ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകരെയും കര്‍ഷകസമിതികളെയും ബന്ധപ്പെടുത്തിയാണ് ആളുകളെ ചേര്‍ത്തത്.

ആദ്യം ചേര്‍ന്നവര്‍ക്ക് മാത്രം തയ്യല്‍ മെഷീനും മറ്റും നല്‍കിയിരുന്നു. ഇത് കണ്ടാണ് കൂടുതല്‍ ആളുകള്‍ ആകൃഷ്ടരായത്. 50 ശതമാനം ഗുണഭോക്തൃ വിഹിതമടച്ച് രണ്ടായിരത്തോളം പേരാണ് സ്‌കൂട്ടറിനായി ജില്ലയില്‍ പലയിടങ്ങളിലായി കാത്തിരിക്കുന്നത്.