വിതുരയില്‍ 18കാരിയുടെ ആത്‌മഹത്യ ; യുവാവ് അറസ്‌റ്റില്‍
arrest5

തിരുവനന്തപുരം: വിതുരയില്‍ 18 വയസുകാരി ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ യുവാവ് അറസ്‌റ്റില്‍. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പ്രതി കിരണ്‍ കുമാർ വിവാഹ വാഗ്‌ദാനം നല്‍കി വഞ്ചിച്ചു എന്നാണ് കേസ്. കഴിഞ്ഞ മാസം 30ന് മാതാപിതാക്കള്‍ തൊഴിലുറപ്പ് ജോലിക്ക് പോയ സമയത്താണ് യുവതി വീട്ടിനകത്ത് തൂങ്ങിമരിച്ചത്.

പ്രതിയുമായി രണ്ട് വര്‍ഷമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവീട്ടുകാരും ചേര്‍ന്ന് രണ്ട് വര്‍ഷം കഴിഞ്ഞ് വിവാഹം കഴിപ്പിക്കാമെന്ന ധാരണയിലും എത്തിയിരുന്നു. എന്നാല്‍ കിരൺ കുമാർ വിവാഹ ബന്ധത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്‌മഹത്യ ചെയ്‌തത്‌
എന്നാണ് പോലീസ് പറയുന്നത്.

പെൺകുട്ടി ജീവനൊടുക്കുന്നതിന് തൊട്ട് മുമ്പ് പ്രതിയുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നു. ആത്‌മഹത്യ ചെയ്യുന്ന വിവരം പ്രതിയെ അറിയിച്ച ശേഷമാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ഇയാള്‍ ഉടന്‍ തന്നെ വീട്ടിലെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

മരണത്തില്‍ ബന്ധുക്കള്‍ ദുരുഹത ആരോപിച്ചതോടെ പോലീസ് ഇയാളെ ചോദ്യം ചെയ്‌തു. പെണ്‍കുട്ടിയുടെ മൊബൈലില്‍ നിന്ന് പ്രതിക്ക് എതിരെ തെളിവുകള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് ആത്‌മഹത്യ പ്രേരണയ്‌ക്ക് കേസെടുത്തത്.

Share this story