മകനെതിരെയുള്ള പീഡന പരാതി വ്യാജം എന്ന് വിജയ് ബാബുവിന്റെ അമ്മ ; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി
vijay babu

തന്റെ മകനെതിരെ വ്യാജ പീഡന പരാതി ചമച്ചതാണെന്ന് വിജയ് ബാബുവിന്റെ അമ്മ. യുവനടിയുടെ പരാതിയെതുടർന്നാണ് വിജയ് ബാബുവിനെതിരെ കേസ് എടുത്തത്. എറണാകുളം കേന്ദ്രീകരിച്ച സിനിമ സംഘമാണ് ഇതിനു പിന്നിലെന്ന് അമ്മ മായാ ബാബു മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിൽ പറയുന്നു. മകനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നതായും പരാതിയിൽ പരാമർശമുണ്ട്. ഇതിനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് മായാ ബാബുവിന്റെ പരാതി.

അതേസമയം, യു.എ.ഇയിൽ നിന്ന് വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കൊച്ചി സിറ്റി പൊലീസ്. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസിന്റെ ഭാഗമായി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറണ്ട് യു.എ.ഇ. പോലീസിന് കൈമാറി.

കുറ്റകൃത്യങ്ങളിൽ വിചാരണ നേരിടുന്നതിനായി ഒരാളെ സ്വന്തം രാജ്യത്തേക്ക് കൈമാറുക എന്ന ഉദ്ദേശത്തോടെ ഒരു രാജ്യത്തെ നിയമപാലകർ പുറപ്പെടുവിക്കുന്നതാണ് റെഡ് കോർണർ നോട്ടീസ്.

വിജയ് ബാബു യുഎഇയിൽ എവിടെയാണെന്ന് കൊച്ചി പോലീസിന് വിവരമില്ല. വിജയ് ബാബു തങ്ങളുടെ രാജ്യത്ത് എവിടെയാണെന്ന് അന്വേഷിച്ച് കണ്ടെത്താൻ യു.എ.ഇ. പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ യു.എ.ഇ. പൊലീസ് കസ്റ്റഡിയിലെടുക്കും. യു.എ.ഇ.യിൽ നിന്നുള്ള മറുപടിക്ക് ശേഷം ഇന്റർപോൽ സഹായത്തോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Share this story