പരസ്യചിത്രീകരണത്തിനിടെ വീഡിയോഗ്രാഫര്‍ മരിച്ച സംഭവം; ആഢംബര കാര്‍ ഡ്രൈവറെ വീണ്ടും ചോദ്യം ചെയ്യും

alwin
alwin

അപകടത്തിന് കാരണമായ കാറിന്റെ ഉടമയായ നൗഫലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

പരസ്യ ചിത്രീകരണത്തിനിടെ കാറിടിച്ച് വീഡിയോഗ്രാഫര്‍ മരിച്ച സംഭവത്തില്‍ ആഢംബര കാര്‍ ഡ്രൈവറെ വീണ്ടും ചോദ്യം ചെയ്യും. ഒന്നാം പ്രതി സാബിതിനെയാണ് പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നത്. സാബിതിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടാണ് പൊലീസ് ഇയാളെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

അതിനിടെ അപകടത്തിന് കാരണമായ കാറിന്റെ ഉടമയായ നൗഫലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. നൗഫലിന്റെയും സാബിതിന്റെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ കുറ്റപത്രം സമര്‍പ്പിക്കും. കാറിന് ഇന്‍ഷുറന്‍സില്ലാത്തതിനാല്‍ നഷ്ടപരിഹാര തുക പൂര്‍ണമായും ഉടമ നല്‍കേണ്ടി വരും. കൂടാതെ കാറിന്റെ വിപണി വില കോടതിയില്‍ കെട്ടിവെച്ചാല്‍ മാത്രമേ വാഹനം വിട്ടുനല്‍കുകയുള്ളു.

ഇക്കഴിഞ്ഞ ഡിസംബറിലാണ് വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബീച്ച് റോഡില്‍ ഇരുപതുകാരനായ ആല്‍വിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. സാരമായി പരിക്കേറ്റ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. മരണം നടക്കുന്നതിന് ഒരാഴ്ച്ച മുന്‍പാണ് ആല്‍വിന്‍ ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തിയത്. ബെന്‍സ് കാറും ഡിഫന്‍ഡറും ഉപയോഗിച്ചുള്ള ഷൂട്ടിംഗിനിടെയായിരുന്നു അപകടം. ഇരു വാഹനങ്ങളും സമാന്തരമായി വരികയായിരുന്നു. ബെന്‍സ് വാഹനം റോഡിന്റെ വലതുവശം ചേര്‍ന്നും ഡിഫന്‍ഡര്‍ വാഹനം റോഡിന്റെ ഇടതുവശം ചേര്‍ന്നുമാണ് വന്നത്. വീഡിയോ എടുക്കുന്ന ആല്‍വിന്‍ റോഡിന്റെ നടുവില്‍ ആയിരുന്നു. ബെന്‍സ് ഡിഫന്‍ഡറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ആല്‍വിനെ ഇടിക്കുകയായിരുന്നു.

Tags