വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു

Victorian Parliament honours Minister Veena George
Victorian Parliament honours Minister Veena George

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ഉജ്ജ്വലമായ സ്വീകരണവും പ്രത്യേക ആദരവും ലഭിച്ചു. ജൂണ്‍ 19-ന് നടന്ന പാര്‍ലമെന്റ് സെഷനിലാണ് വീണാ ജോര്‍ജിനെ ആദരിച്ചത്. വിക്ടോറിയന്‍ പാര്‍ലമെന്റിലെ അപ്പര്‍ ഹൗസ് പ്രസിഡന്റ് ഷോണ്‍ ലീന്‍ സ്വീകരിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് ലീ ടാര്‍ലാമിസ് മന്ത്രി വീണാ ജോര്‍ജിന് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ പുരോഗതിക്കുള്ള ആദരവാണ് മന്ത്രിക്ക് നല്‍കിയത്. മഹാമാരി കാലത്ത് കേരളം കൈവരിച്ച നേട്ടങ്ങളും പരിഗണിച്ചു. ഒരു സംസ്ഥാന മന്ത്രിക്ക് ഇത്തരമൊരു ആദരവ് ലഭിക്കുന്നത് ആദ്യമായാണ്.

tRootC1469263">

വിക്ടോറിയയും കേരളവും തമ്മിലുള്ള ആരോഗ്യ മേഖലയിലെ സഹകരണത്തിന്റെ അംഗീകാരമെന്ന നിലയിലാണ് മന്ത്രി വീണാ ജോര്‍ജിനെ വിക്ടോറിയന്‍ പാര്‍ലമെന്റ് സെഷനില്‍ പ്രത്യേക അതിഥിയായി ക്ഷണിച്ചത്. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരമായി ഇത് മാറി.

വിക്ടോറിയന്‍ പ്രീമിയര്‍ ജസിന്ത അലന്‍, ഡെപ്യൂട്ടി പ്രീമിയര്‍ ബെന്‍ കാരോള്‍, ടൂറിസം മന്ത്രി സ്റ്റീവന്‍ ഡിംപൂലോസ്, ആരോഗ്യ മന്ത്രി മേരി ആന്‍ തോമസ് എന്നിവരുമായി മന്ത്രി വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചകള്‍ കേരളവും വിക്ടോറിയയും തമ്മിലുള്ള ആരോഗ്യ മേഖലയിലെ സഹകരണവും ബന്ധവും കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും.

വിവിധ മേഖലകളില്‍, പ്രത്യേകിച്ച് ആരോഗ്യ രംഗത്ത് കേരളവും ഓസ്‌ട്രേലിയയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള നിരവധി ചര്‍ച്ചകള്‍ ഈ സന്ദര്‍ശനത്തില്‍ നടന്നു. ആരോഗ്യ മേഖലയിലെ അറിവുകള്‍, സാങ്കേതികവിദ്യ, പരിശീലനം എന്നിവ കൈമാറുന്നതിലൂടെ ഇരു പ്രദേശങ്ങള്‍ക്കും പരസ്പരം പ്രയോജനം നേടാന്‍ ഈ സന്ദര്‍ശനം വഴിയൊരുക്കും. കേരളത്തിന്റെ മന്ത്രിക്ക് ഓസ്‌ട്രേലിയയുടെ നിയമ നിര്‍മ്മാണ സഭയില്‍ ലഭിച്ച ഈ ആദരവ് ഓസ്‌ട്രേലിയയും കേരളവും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സഹായിക്കും.

Tags