'മുനമ്പം വിഷയത്തിൽ സംഘപരിവാറിന്റെ കെണിയിൽ വീഴരുത്' ; മുന്നറിയിപ്പുമായി വി ഡി സതീശൻ


ശബരിമല : മുനമ്പം വിഷയത്തിൽ സംഘപരിവാറിന്റെ കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഓരോരുത്തരെയും താൽപര്യമല്ല, പ്രശ്നത്തിൽ രമ്യമായ പരിഹാരമാണ് ആവശ്യം. മുസ്ലിം ലീഗ് നേതൃത്വം ഉൾപ്പെടെ എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണ് താൻ അഭിപ്രായം പറയുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
ശബരിമല ദർശന ശേഷം സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. മുനമ്പം വിഷയത്തിന്റെ പേരിൽ മതസംഘർഷം ഉണ്ടാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. വിഷയം മതസംഘർഷമായി മാറ്റാതിരിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ചു. വിഷയത്തിൽ പലരും പഠിക്കാതെയാണ് അഭിപ്രായം പറയുന്നത്.
നിയമ പണ്ഡിതരുമായി ആലോചിച്ച ശേഷമാണ് താൻ അഭിപ്രായം പറയുന്നത്. ഓരോരുത്തരുടെയും താല്പര്യമല്ല, പ്രശ്നപരിഹാരമാണ് ആവശ്യം. എല്ലാത്തിനും പ്രതികരിക്കാൻ പോയാൽ പ്രശ്നം വഷളാകും. ഇക്കാര്യത്തിൽ യു ഡി എഫിന് ഒറ്റ നിലപാടാണെന്നും വി ഡി സതീശൻ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സന്നിധാനത്ത് എത്തിയ വി ഡി സതീശൻ സോപാനത്ത് എത്തി ദർശനം നടത്തി തന്ത്രി, മേൽശാന്തിമാർ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങിയാണ് മലയിറങ്ങിയത്.
