ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള വന്ദേഭാരത് രണ്ടു മാസത്തിനകം ആരംഭിക്കാനാകും : റെയിൽവേ

vande

ബംഗളൂരു: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിൻ സർവിസ് രണ്ടു മാസത്തിനകം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ.

കർണാടക-കേരള ട്രാവലേഴ്സ് ഫോറം ഭാരവാഹികൾ ദക്ഷിണ പശ്ചിമ റെയിൽവേ ഡിവിഷനൽ റെയിൽവേ മാനേജർ (ഡി.ആർ.എം) ഓഫിസിൽ ഡിവിഷനൽ ഓപറേഷൻസ് മാനേജർ (ഡി.ഒ.എം) നൈനിശ്രീ രംഗനാഥ് റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വന്ദേഭാരതിന്റെ കേരള സർവിസ് സംബന്ധിച്ച് മറുപടി നൽകിയത്.

താൽക്കാലികമായി റദ്ദാക്കിയ യശ്വന്ത്പൂർ-കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് സർവിസ് പുനരാരംഭിക്കാൻ ശ്രമിക്കാമെന്നും ഓണക്കാല അവധി ട്രെയിൻ ഒരുമാസം മുമ്പേ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണെന്നും ഡി.ഒ.എം കെ.കെ.ടി.എഫ് പ്രതിനിധികളെ അറിയിച്ചു.

എറണാകുളം-ബംഗളൂരു-എറണാകുളം റൂട്ടിൽ സർവിസ് നടത്തുമെന്ന് അറിയിച്ചിരുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ റേക്ക് ഉപയോഗിച്ച് ഇപ്പോൾ ബംഗളൂരു-മധുര സ്​പെഷൽ സർവിസ് നടത്തുകയാണെന്ന് കെ.കെ.ടി.എഫ് ചൂണ്ടിക്കാട്ടി.

പ്രഖ്യാപിച്ച വന്ദേഭാരത് എത്രയും വേഗം ട്രാക്കിലായാൽ ഓണക്കാലത്തടക്കം കേരളത്തിലേക്കുള്ള യാത്രക്കാർ നേരിടുന്ന യാത്രാപ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാവുമെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags