പിണറായിയുടെ വാദത്തെ സച്ചിദാനന്ദ സ്വാമികൾ തന്നെ തിരുത്തുന്നത് സ്വാഗതാർഹം: വി.മുരളീധരൻ
ഡൽഹി :ശ്രീനാരാണയ ഗുരു സനാതനധര്‍മ്മത്തിന്റെ ഭാഗമാണെന്ന സച്ചിദാനന്ദ സ്വാമികളുടെ മുഖ്യമന്ത്രിക്കുള്ള മറുപടി സ്വാഗതം ചെയ്തു മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രസംഗം എഴുതി തയ്യാറാക്കുന്ന വിവരദോഷികളോട് "ശ്രദ്ധിക്കണ്ടേ അമ്പാനെ " എന്ന് പിണറായി പറയുന്നത് നന്നാവുമെന്നും വി.മുരളീധരൻ പരിഹസിച്ചു. ക്ഷേത്രാചാരങ്ങൾ മാറ്റണമോയെന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണ്. നാസ്തികന്മാരായ പിണറായി വിജയനും എം.വി ഗോവിന്ദനും ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടതില്ല എന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
മതവിശ്വാസത്തിന്റെ പേരിൽ ആളുകൾ കണ്ണും മുഖവും മറയ്ക്കുന്നത് കാലത്തിന് യോജിച്ചതല്ല,അത് മാറ്റണം എന്ന് പിണറായി വിജയനോ ഗോവിന്ദനോ ആവശ്യപ്പെടുമോ എന്നും വി.മുരളീധരൻ ചോദിച്ചു ?കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ധൈര്യമായി നവോത്ഥാന ചിന്തകൾ പങ്കുവയ്ക്കാൻ കഴിയുന്നത് സനാതന ധർമ വിശ്വാസികൾക്ക് മാത്രമാണ്. അതിന് കാരണം സനാതനധർമം സഹിഷ്ണുതയുടെയും ഉൾക്കൊള്ളലിന്റെയും മാറ്റത്തിന്റെയും മതമായതിനാലാണ്. മതവിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും മേൽ കുതിര കയറുകയല്ല കഞ്ചാവ് പുകയ്ക്കുന്ന യൗവനത്തെ പിന്തുണയ്ക്കുന്ന സജി ചെറിയാൻമാരെ തിരുത്തുകയാണ് പിണറായി വിജയൻ ചെയ്യേണ്ടതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു ഗുരുദേവനെ സാമൂഹ്യപരിഷ്ക്കർത്താവായി മാത്രം ചിത്രീകരിക്കാനുള്ള മാർക്സിസ്റ്റ് നേതാക്കളുടെ കാലങ്ങളായുള്ള പരിശ്രമത്തെ പൊളിച്ചെഴുതാനാണ് ശിവഗിരിയിലെ പ്രസംഗത്തിലൂടെ താൻ ശ്രമിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.