സര്‍ക്കാര്‍ ജനങ്ങളുമായി സംവദിക്കുന്ന കേരളത്തില്‍ മാത്രമുള്ള അദാലത്താണിത്; മന്ത്രി വി. അബ്ദു റഹിമാന്‍
കാസർകോട് : സര്‍ക്കാര്‍ ജനങ്ങളുമായി സംവദിക്കുന്ന കേരളത്തില്‍ മാത്രമുള്ള അദാലത്താണ് കരുതലും കൈത്താങ്ങുമെന്ന് കായികം,ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ് തീര്‍ഥാടനം, റെയില്‍വേ വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്‍ പറഞ്ഞു. ഉപ്പള ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന മഞ്ചേശ്വരം താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കരുതലും കൈത്താങ്ങും ഒന്നാം ഘട്ടത്തില്‍ നിന്നും രണ്ടാം ഘട്ടത്തിലേക്ക് എത്തി നില്‍ക്കുമ്പോള്‍ പരാതികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ആദ്യ അദാലത്തില്‍ തന്നെ നിരവധി ജനകീയ പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കാനായതിന്റെ നേട്ടമാണിതെന്നും മന്ത്രി പറഞ്ഞു. ഫയലുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ജനങ്ങളുടെ പരാതികളും അപേക്ഷകളും സമയബന്ധിതമായി തീർപ്പാക്കണമെന്നും മന്ത്രി പറഞ്ഞു
എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം ജമീല സിദ്ദിഖ് ദണ്ഡഗോളി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കദീജത്ത് റിസാന, ജീന്‍ലവീന മെന്ദാരോ, സുബ്ബണ്ണ ആള്‍വ, ജെ.എസ് സോമശേഖര, എസ്. ഭാരതി, തുളു അക്കാദമി ചെയര്‍മാന്‍ കെ.ആര്‍ ജയാനന്ദ, എ.ഡി.എം പി.അഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സ്വാഗതവും കാസര്‍കോട് ആര്‍.ഡി.ഒ പി.ബിനുമോന്‍ നന്ദിയും പറഞ്ഞു.