ശബരിമല വൃത്തി സുന്ദരമെന്ന് 35- വർഷമായി മല ചവിട്ടുന്ന ഉദയകുമാർ
ശബരിമല : ശബരിമലയും പരിസരവും ഇന്ന് വൃത്തി സുന്ദരമാണെന്ന് 35-വർഷമായി മല ചവിട്ടുന്ന തൃശ്ശൂർ, മാള അന്നമനട സ്വദേശി സി ഡി ഉദയകുമാർസാക്ഷ്യപ്പെടുത്തുന്നു. കോവിഡ്, പ്രളയ സമയമൊഴികെ കഴിഞ്ഞ 35 വർഷമായി അദ്ദേഹം സന്നിധാനത്ത് മുടങ്ങാതെ എത്തുന്നുണ്ട്. "പണ്ടുകാലത്ത്
ശബരിമലയിൽ പോവുക എന്നു പറഞ്ഞാൽ ഭയം നിറഞ്ഞ കാര്യമായിരുന്നു.
പലരും പറഞ്ഞു പേടിപ്പിക്കും. റോഡ് സൗകര്യം ഒന്നുമില്ല. പിന്നീട് ഓരോ വർഷവും നല്ല മാറ്റം വന്നു. ഒരുപാട് സൗകര്യങ്ങൾ വന്നു. പണ്ട് വൃത്തിഹീനമായിരുന്ന പ്രദേശം ഇന്ന് സുന്ദരമാണ്," കേരള ബാങ്കിൽ നിന്നും എക്സിക്യൂട്ടീവ് ഓഫീസറായി വിരമിച്ച 67-കാരനായ ഉദയകുമാർ പറഞ്ഞു. തീവ്ര വ്രതമെടുത്ത് മല കയറി വരുന്ന ഭക്തർക്ക് ഒന്നിലേറെ തവണ തൊഴാൻ കഴിയുന്ന രീതിയിൽ എസ്കലേറ്റർ സംവിധാനമൊക്കെ ശബരിമലയിൽ ഭാവിയിൽ വരുമെന്ന പ്രത്യാശ അദ്ദേഹം പ്രകടിപ്പിച്ചു.
ഭാര്യ എ സി അനിത കുമാരിയുമൊത്ത് ബുധനാഴ്ച അയ്യനെ തൊഴുത് ഉദയകുമാർവ്യാഴാഴ്ച ഉച്ചയോടെ മലയിറങ്ങി.