'സംസ്‌കാരങ്ങളും ഭാഷകളും രാജ്യാതിര്‍ത്തികളും കടന്ന് ലോകമാകെയുള്ള സംഗീതപ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കി' ഉസ്താദ് സാകിര്‍ ഹുസൈന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
ആഴത്തിലുള്ള ജ്ഞാനവും അപാരമായ സിദ്ധിയും സക്കീര്‍ ഹുസൈനെ അനുപമനായ സംഗീതജ്ഞനാക്കി മാറ്റിയെന്നും മുഖ്യമന്ത്രി അനുശോചനത്തില്‍ പറഞ്ഞു.
തബല മാന്ത്രികന്‍ ഉസ്താദ് സാകിര്‍ ഹുസൈന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌കാരങ്ങളും ഭാഷകളും രാജ്യാതിര്‍ത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാനാണ് ഉസ്താദ് സക്കീര്‍ ഹുസൈനെന്നും ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീത പാരമ്പര്യത്തില്‍ ആഴത്തിലുള്ള ജ്ഞാനവും അപാരമായ സിദ്ധിയും സക്കീര്‍ ഹുസൈനെ അനുപമനായ സംഗീതജ്ഞനാക്കി മാറ്റിയെന്നും മുഖ്യമന്ത്രി അനുശോചനത്തില്‍ പറഞ്ഞു.
'ലോകസംഗീതവും അതിലെ സമകാലിക ഭാവുകത്വങ്ങളും തന്റെ കലയില്‍ അദ്ദേഹം വിലയിപ്പിക്കുകയും അനുവാചകരെ നിരന്തരം വിസ്മയിപ്പിക്കുകയും ചെയ്തു. രാജ്യത്തിന് അഭിമാനം പകരുന്ന ഗ്രാമി ഉള്‍പ്പെടെയുള്ള അന്തര്‍ദ്ദേശിയ പുരസ്‌കാരങ്ങള്‍ നിരവധി തവണ അദ്ദേഹത്തെ തേടിയെത്തി. സക്കീര്‍ ഹുസൈന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നു.' മുഖ്യമന്ത്രി അറിയിച്ചു.