ട്രെയിന്‍ മാറിക്കയറി ; ചാടിയിറങ്ങുന്നതിനിടെ വീണ് യുവാവിനു പരുക്ക്
railway track

തൃശൂര്‍: ട്രെയിന്‍ മാറിക്കയറിയതറിഞ്ഞ് ചാടിയിറങ്ങുന്നതിനിടെ യുവാവിനു വീണു പരുക്കേറ്റു. കൊയിലാണ്ടി സ്വദേശി യൂനസിനാണ് ( 34) പരുക്കേറ്റത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം. നിസാര പരുക്കേറ്റ യൂനസിനെ തൃശൂര്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്ടേക്കുള്ള ട്രെയിനില്‍ കയറുന്നതിനു പകരം യൂനസും സുഹൃത്തും ആലുവയിലേക്കുള്ള ട്രെയിനിലാണു കയറിയത്. ട്രെയിന്‍ സ്റ്റേഷനില്‍നിന്നും നീങ്ങിത്തുടങ്ങിയപ്പോഴാണ് മാറിക്കയറിയതെന്നറിഞ്ഞത്. തുടര്‍ന്ന് യൂനസ് ട്രെയിനില്‍നിന്നും ചാടിയിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഭാഗ്യംകൊണ്ടാണ് നിസാര പരുക്കുകളോടെ യൂനസ് രക്ഷപ്പെട്ടതെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു.
 

Share this story