തിരുവല്ലയിൽ തെങ്ങ് മുറിക്കുന്നതിനിടെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന
തിരുവല്ല : തിരുവല്ലയിലെ കടപ്രയിൽ തെങ്ങ് മുറിച്ചു മാറ്റുന്നതിനിടെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപെടുത്തി. നിരണം പള്ളിക്ക് സമീപം ചക്കളയിൽ പേരക്കോടത്ത് വീട്ടിൽ ഈപ്പന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ തെങ്ങ് വെട്ടാൻ കയറിയ നിരണം സ്വദേശി അനിൽ കുമാറിനെയാണ് രക്ഷപെടുത്തിയത്.
ഇന്ന് രാവിലെ പത്തരയോടെ ആയായിരുന്നു സംഭവം. തെങ്ങിൻറെ മുകൾഭാഗം മുറിച്ച് മാറ്റുന്നതിനിടെ തെങ്ങിൽ കെട്ടിയിരുന്ന വടം കാലിൽ വന്നു അടിച്ചതിനെ തുടർന്ന് താഴേക്ക് ഇറങ്ങാൻ കഴിയാതെ അനിൽകുമാർ തെങ്ങിൻറെ മുകളിൽ കുടുങ്ങുകയായിരുന്നു.
തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേനാംഗങ്ങൾ നടത്തിയ രക്ഷാ പ്രവർത്തനത്തിന് ഒടുവിൽ 12 മണിയോടെ അനിൽ കുമാറിനെ വലയിലാക്കി സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു.
ഇയാളെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷന്‍ ഓഫീസർ എം കെ ശംഭു നമ്പൂതിരി , അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ എസ് അജിത്ത്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ കെ ശ്രീനിവാസ്, ഉദ്യോഗസ്ഥരായ കെ കെ ശിവപ്രസാദ്, ഷിജു ഷിബു ഷംനാദ് രഞ്ജിത്ത് കുമാർ പ്രശാന്ത് വിപിൻ ഹരികൃഷ്ണൻ എന്നിവർ അടക്കുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.