തിരൂരില്‍ 12 കിലോ കഞ്ചാവുമായി രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്ന് പേര്‍ പിടിയിൽ

ganja case

തിരൂര്‍: തിരൂരില്‍ 12 കിലോ കഞ്ചാവുമായി രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായി. എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍-സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. 

പശ്ചിമബംഗാളിലെ ഭോട്ടാന്‍ ഗ്രാമത്തിലെ റയാന്‍ സ്വദേശി പാറുല്‍ ബീവി (38), പശ്ചിമബംഗാളിലെ ഹര്‍ട്ടുദ്ദേവ്വാല്‍ പിര്‍ത്തള സ്വദേശി അര്‍ജിന ബീവി (44), ഇവര്‍ക്ക് കഞ്ചാവ് കടത്താന്‍ ഓട്ടോയുമായെത്തിയ ഓട്ടോഡ്രൈവര്‍ തെന്നല കൊടക്കല്‍ ചുള്ളിപ്പാറ ചെനക്കല്‍ വീട്ടില്‍ റഫീഖ് (38) എന്നിവരാണ് അറസ്റ്റിലായത്.

ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. ആവശ്യക്കാരെ കണ്ടെത്തുന്നതും ചില്ലറക്കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്നതും പണം മുടക്കുന്നതും അറസ്റ്റിലായ റഫീഖാണെന്ന് തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജയന്‍ പറഞ്ഞു. എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.