എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്ന സംഭവം ; പ്രതിയും കുടുംബവുമായി നേരത്തെ തര്‍ക്കമുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍


വേണുവും കുടുംബവും നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു
എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്ന പ്രതിക്ക് വേണുവിന്റെ കുടുംബവുമായി നേരത്തെ തര്‍ക്കമുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍. ഇയാള്‍ക്കെതിരെ വേണുവും കുടുംബവും നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ ഈ കൊലപാതകം നടത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു.
നാട്ടില്‍ പൊതുവെ ശല്യമുണ്ടാകുന്ന ആളാണ് റിതു ജയനെന്നും മാനസിക രോഗത്തിനുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങി വെച്ചിരിക്കുകയാണെന്നും അത് കാണിച്ചാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതെന്നും അയല്‍വാസികള്‍ പറയുന്നു.
പറവൂര്‍ ചേന്ദമംഗലം കിഴക്കുംപുറത്ത് ഇന്നലെ ആറ് മണിയോടെയാണ് സംഭവം. ചേന്ദമംഗലം സ്വദേശികളായ വേണു, ഉഷ, മകള്‍ വിനീഷ എന്നിവരാണ് മരിച്ചത്. മരുമകന്‍ ജിതിന് ഗുരുതരമായി പരിക്കേറ്റു. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്.
റിതു ജയന്‍ മൂന്നോളം കേസുകളില്‍ പ്രതിയാണെന്നും ഇയാള്‍ നോര്‍ത്ത് പറവൂര്‍ പൊലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെന്നും മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണന്‍ പറഞ്ഞു. വടക്കേക്കര, നോര്‍ത്ത് പറവൂര്‍ പൊലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്.
